ഉന്നതരുടെ ഹജ്ജ് ക്വാട്ട നിർത്തിയത് വി.ഐ.പി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചന: സ്മൃതി ഇറാനി
വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ നയമാണ്. ഇതിനായി നേരത്തെയും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ഭരണഘടനാപരമായി ഉന്നത പദവിയിലുള്ളവർക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുന്നത് നിർത്തിയത് രാജ്യത്ത് വി.ഐ.പി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി, ഹജ്ജ് കമ്മിറ്റി എന്നിവരുടെ ക്വാട്ടയിൽ 500 പേർക്കാണ് ഹജ്ജ് ചെയ്യാൻ അവസരമുണ്ടായിരുന്നത്. ഇത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ ക്വാട്ട നിർത്തിയത് വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഉന്നത വ്യക്തികളുടെ വാഹനത്തിലെ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കിയതടക്കം വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെയും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
നേരത്തെ മന്ത്രിയുമായി അടുപ്പമുണ്ടെങ്കിൽ ഹജ്ജിന് അവസരം ലഭിക്കുമായിരുന്നു. ആ സംവിധാനം നിർത്തലാക്കിയതോടെ ഇപ്പോൾ എല്ലാവർക്കും ഹജ്ജിന് പോകാൻ തുല്യ അവസരം ലഭിക്കുന്നു. ഹജ്ജ് തീർഥാടനത്തിന്റെ കാര്യത്തിൽ ഒരു വിവേചനവും പാടില്ലെന്നാണ് സാധാരണക്കാരായ മുസ്‌ലിംകൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ എല്ലാവർക്കും തുല്യ അവസരം ലഭിക്കുന്നുണ്ട്. വി.ഐ.പി ക്വാട്ട അനുവദിക്കുന്നത് പൂർണമായും അവസാനിപ്പിക്കാൻ ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റിന്റെ ക്വാട്ടയിൽ 100 സീറ്റ്, വൈസ് പ്രസിഡന്റിന് 75, പ്രധാനമന്ത്രിക്ക് 75, ന്യൂനപക്ഷവകുപ്പ് മന്ത്രിക്ക് 50, ഹജ്ജ് കമ്മിറ്റിക്ക് 200 എന്നിങ്ങനെയാണ് വി.ഐ.പി ക്വാട്ട അനുവദിച്ചിരുന്നത്.
Adjust Story Font
16