രാജസ്ഥാനിൽ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവം: കുടുംബത്തെ സന്ദർശിച്ച് എസ്‌ഐഒ ദേശീയ നേതാക്കൾ
വ്യാജ കേസുകൾ ചുമത്തി മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന ബിജെപി ഭരണകൂടത്തിന്റെയും രാജസ്ഥാൻ പൊലീസിന്റേയും നടപടികൾ അവസാനിപ്പിക്കണമെന്നും എസ്ഐഒ

ജയ്പൂര്‍: രാജസ്ഥാനിലെ അൽവാറിൽ പൊലീസിന്റെ ബൂട്ടിന്റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തെ എസ്ഐഒ ദേശീയ നേതാക്കൾ സന്ദർശിച്ചു.
എസ്ഐഒ ദേശീയ സെക്രട്ടറിമാരായ യൂനുസ് മുല്ല, തഷ്‌രീഫ് കെ.പി, എസ്ഐഒ രാജസ്ഥാൻ ഭാരവാഹികളായ ഷുഹൈബ്, സമർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുടുംബത്തെ സന്ദർശിക്കുകയും നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ വിധ പിന്തുണകൾ അറിയിക്കുകയും ചെയ്‌തു.
സംഭവം നടന്നു ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് അത്യധികം ഗൗരവകരമാണ്. കുടുംബത്തിന് അടിയന്തിരമായി നഷ്‌ടപരിഹാരം ഉൾപ്പെടെ ഉറപ്പാക്കണമെന്നും കുറ്റക്കാരെ തുറങ്കിലടക്കണമെന്നും വ്യാജ കേസുകൾ ചുമത്തി മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന ബിജെപി ഭരണകൂടത്തിന്റെയും രാജസ്ഥാൻ പൊലീസിന്റെയും നടപടികൾ അവസാനിപ്പിക്കണമെന്നും എസ്ഐഒ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സൈബർ കുറ്റകൃത്യം ചെയ്‌തെന്ന് ആരോപിച്ചാണ് അൽവാറിലെ ഇമ്രന്റെ വീട്ടിലേക്ക് പുലർച്ചെ പൊലീസുകാർ ഇരച്ചെത്തിയത്. വീടിന്റെ ചുമരിന്റെ ഭാഗങ്ങളും വാതിലും തല്ലിതകർത്ത് അകത്തു കയറിയ പൊലീസ്, ഇമ്രാനെയും ഭാര്യയെയും വലിച്ചിറക്കുകയും കട്ടിലിൽ പുതപ്പിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മുകളിലേക്ക് ചാടി കയറുകയുമായിരുന്നു. സംഭവ സമയത്ത് തന്നെ കുഞ്ഞ് മരണപ്പെട്ടു. ക്രൂര കൃത്യത്തെ മൂടി വെക്കാനാണ് പൊലീസ് ശ്രമിച്ചത്.
Adjust Story Font
16