Quantcast

കനത്ത മഴ; ഡൽഹിയിൽ നാല് കുട്ടികളുൾപ്പെടെ ആറ് പേർ മുങ്ങിമരിച്ചു

കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Jun 2024 6:34 AM GMT

six includes four children drowned in water logging in delhi due to heavy rain
X

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ നാല് കുട്ടികളുൾപ്പടെ ആറ് പേർ മുങ്ങി മരിച്ചു. എട്ടും പത്തും പ്രായമുള്ള ആൺകുട്ടികളും 20കാരനും വയോധികനുമടക്കമുള്ളവരാണ് മരിച്ചത്.

ഡൽഹി സമയ്പൂർ ഏരിയയിലെ അണ്ടർപാസിലും വടക്ക്- കിഴക്ക് ഡൽഹിയിലെ അഴുക്കുചാലിലുമാണ് കുട്ടികൾ മുങ്ങിമരിച്ചത്. സമയ്പൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഇവിടെ രണ്ടര മുതൽ മൂന്ന് അടി വരെ വെള്ളമുണ്ടായിരുന്നു.

രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങിയെന്ന വിവരത്തെ തുടർന്ന് ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വടക്ക്- കിഴക്ക് ഡൽഹിയിൽ അഴുക്കുചാലിൽ മുങ്ങി എട്ടും പത്തും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ന്യൂ ഉസ്മാൻപൂർ ഏരിയയിലാണ് അപകടം. ഡൽഹി ഓഖ്‍ലയിൽ അണ്ടർ പാസിലാണ് 60കാരൻ മുങ്ങിമരിച്ചത്. ജാതിപൂർ സ്വദേശി ദിഗ്‌വിജയ്‌ കുമാർ ചൗധരിയാണ് മരിച്ചത്.

ഇയാൾ ത​ന്റെ സ്കൂട്ടർ വെള്ളം നിറഞ്ഞ അണ്ടർ പാസിലേക്ക് ഇറക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 24 മണിക്കൂറായി അണ്ടർപാസിൽ വെള്ളക്കെട്ട് തുടരുകയാണ്. ശനിയാഴ്ച പെയ്ത കനത്ത മഴയിൽ സ്ഥിതി വീണ്ടും രൂക്ഷമായി.

ഷാലിമാർബാഗ് ഏരിയയിലെ അണ്ടർപാസിലാണ് 20കാരൻ മുങ്ങി മരിച്ചത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ ഇപ്പോഴും പ്രളയസമാന സാഹചര്യം തുടരുകയാണ്. പ്രധാന റോഡുകളടക്കം നിരവധി പാതകൾ വെള്ളത്തിനടിയിലാണ്.

TAGS :

Next Story