Quantcast

രാത്രി ഷിപ്പിംഗ് കണ്ടെയ്‌നർ ക്യാബിനിൽ ഉറക്കം; രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ വിശേഷങ്ങൾ ഇങ്ങനെ

ഒരുപാട് കേൾക്കാനും കുറച്ച് സംസാരിക്കാനുമാണ് തനിക്ക് താൽപ്പര്യമെന്ന് രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2022-09-01 15:27:04.0

Published:

1 Sep 2022 3:03 PM GMT

രാത്രി ഷിപ്പിംഗ് കണ്ടെയ്‌നർ ക്യാബിനിൽ ഉറക്കം; രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ വിശേഷങ്ങൾ ഇങ്ങനെ
X

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാക്കൾ. 148 ദിവസത്തെ ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടക്കുമെന്നും രാത്രി ഷിപ്പിംഗ് കണ്ടെയ്നർ ക്യാബിനിൽ ഉറങ്ങുമെന്നും കോൺഗ്രസ് അറിയിച്ചു. സെപ്റ്റംബർ 5നകം കണ്ടെയ്നർ ക്യാബിനുകൾ കന്യാകുമാരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3500 കിലോമീറ്റർ യാത്ര സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതസന്ധി നേരിടുന്ന കോൺഗ്രസ് പാർട്ടി, 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൻ ജനസമ്പർക്ക പരിപാടിക്കാണ് ഒരുങ്ങിയിരിക്കുന്നത്. യാത്ര ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ഒരുപാട് കേൾക്കാനും കുറച്ച് സംസാരിക്കാനുമാണ് തനിക്ക് താൽപ്പര്യമെന്നും കാൽനടയാത്രയ്ക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.

അമ്മ സോണിയാ ഗാന്ധിക്കും സഹോദരി പ്രിയങ്കാ ഗാന്ധിക്കുമൊപ്പം രാഹുൽ ഇപ്പോൾ വിദേശത്താണ്. സോണിയാ ഗാന്ധിയുടെ അമ്മയുടെ നിര്യാണത്തെ തുടർന്നാണ് ഗാന്ധി കുടുംബം ഇറ്റലിയിലേക്കു പോയത്. പദയാത്രയിലുടനീളം രാഹുൽ ഗാന്ധി കണ്ടെയ്നറുകളിൽ തങ്ങുമെന്ന് കോൺഗ്രസ് വക്താവ് ഡോ. ഷാമ മുഹമ്മദ് എൻ.ഡി.ടി.വിയോട് പറഞ്ഞു. ''നാല് മാസം മുമ്പാണ് എല്ലാ ആസൂത്രണവും ആരംഭിച്ചത്, ഭരണ സംവിധാനം രാജ്യത്തെ ജനാധിപത്യത്തെ വിഭജിക്കുകയും അട്ടിമറിക്കുകയും ചെയ്യുമ്പോൾ വിദ്വേഷം കൂടാതെ നമ്മുടെ വൈവിധ്യമാർന്ന ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള സമാധാന യാത്രയാണിത്,'' ഷമാ മുഹമ്മദ് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 8 ന് രാവിലെ മാർച്ച് ആരംഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്ന കോൺഗ്രസ് പ്രവർത്തകർ എല്ലാ ദിവസവും 6 മുതൽ 7 മണിക്കൂർ വരെ നടക്കുകയും രാജ്യത്തുടനീളമുള്ള ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയോടനുബന്ധിച്ച് രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 7 മുതൽ 10 വരെ മാർച്ചുകൾ സംഘടിപ്പിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഭാരത് ജോഡോ യാത്ര.

TAGS :

Next Story