Quantcast

പാമ്പ് കടിച്ചു, യുവാവ് തിരിച്ചുകടിച്ചു; ഒടുവിൽ പാമ്പ് ചത്തു

ചൊവ്വാഴ്ച രാത്രി ഇയാൾ തൻ്റെ ബേസ് ക്യാമ്പിൽ ഉറങ്ങുമ്പോഴായിരുന്നു പാമ്പിന്റെ ആക്രമണം.

MediaOne Logo

Web Desk

  • Updated:

    2024-07-06 11:59:16.0

Published:

6 July 2024 11:54 AM GMT

Snake bites man, man bites back at the end reptile died
X

പട്ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. ഒടുവിൽ പാമ്പ് ചത്തു, യുവാവ് രക്ഷപെട്ടു. ബിഹാർ നവാഡയിലെ രജൗലി മേഖലയിലാണ് വിചിത്രമായ സംഭവം. മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലി ചെയ്യുന്ന ജീവനക്കാരനായ സന്തോഷ് ലോഹാറിനെയാണ് വിഷപ്പാമ്പ് കടിച്ചത്.

ചൊവ്വാഴ്ച രാത്രി സന്തോഷ് തൻ്റെ ബേസ് ക്യാമ്പിൽ ഉറങ്ങുമ്പോഴായിരുന്നു പാമ്പിന്റെ ആക്രമണം. രോഷാകുലനായ സന്തോഷ് പരിഭ്രാന്തനാകുന്നതിനു പകരം പാമ്പിനെ വടികൊണ്ട് പിടികൂടിയ ശേഷം രണ്ടു കടി തിരിച്ചുകൊടുക്കുകയായിരുന്നു. ഇതോടെ പാമ്പ് ചത്തു.

യുവാവിന് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞയുടൻ സഹപ്രവർത്തകർ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് കൃത്യസമയത്ത് ചികിത്സ ലഭിച്ച 35കാരൻ രക്ഷപെടുകയായിരുന്നു. 'ഒരു പാമ്പ് കടിച്ചാൽ വിഷം നിർവീര്യമാക്കാൻ കടിയേൽക്കുന്നയാൾ അതിനെ രണ്ടുതവണ കടിക്കണമെന്ന് തന്റെ ​ഗ്രാമത്തിൽ ഒരു വിശ്വാസമുണ്ട്' എന്നായിരുന്നു 'തിരിച്ചുകടി'യെ കുറിച്ചുള്ള സന്തോഷിന്റെ പ്രതികരണം.

ജാർഖണ്ഡ് സ്വദേശിയായ സന്തോഷ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ സതീഷ് ചന്ദ്ര പറഞ്ഞു.

അതേസമയം, അസാധാരണമായ ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത നാടാകെ പരന്നതോടെ സന്തോഷിനെ കാണാനും കഥ കേൾക്കാനും ആളുകൾ ആശുപത്രിയിൽ തടിച്ചുകൂടി. പാമ്പിന് വിഷമുണ്ടാകില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കിൽ സന്തോഷിൻ്റെ ജീവന് അപകടമുണ്ടാകുമായിരുന്നെന്നും നാട്ടുകാരിൽ പലരും പറഞ്ഞു.

TAGS :

Next Story