'അംബേദ്കറെന്ന് കേൾക്കുമ്പോൾ ചിലർക്ക് അലർജി': അമിത് ഷായ്‌ക്കെതിരെ വിജയ്
''പകരം വെക്കാനില്ലാത്ത രാഷ്ട്രീയ-ബൗദ്ധിക വ്യക്തിത്വമാണ് അംബേദ്കറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്''
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്.
ചില വ്യക്തികൾക്ക് അംബേദ്കര്‍ എന്ന പേരിനോട് അലർജിയുണ്ടാകാം എന്നായിരുന്നു എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് വ്യക്തമാക്കിയത്.
'പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്. സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണ് അംബേദ്കറെന്നും വിജയ് പോസ്റ്റിലൂടെ പറയുന്നു. 'അംബേദ്കർ, അംബേദ്കർ, അംബേദ്കർ, എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാം'- ടിവികെ പ്രസിഡൻ്റ് പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിജയ്ന്റെ പോസ്റ്റ്.
വടക്കൻ തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന പാർട്ടിയുടെ ആദ്യ റാലിയിൽ, ടിവികെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായി അംബേദ്കറെ വിജയ് പരാമർശിച്ചിരുന്നു. ദലിത് വോട്ടർമാരെ കൂടി ലക്ഷ്യമിട്ടാണ് വിജയ് തന്റെ പാര്‍ട്ടി ചലിപ്പിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്.
അതേസമയം ഡിസംബർ 17ന് രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാർട്ടികളും അപലപിച്ച് രംഗത്തെത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷായ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ വ്യക്തമാക്കി.
' അംബേദ്‌കര്‍, അംബേദ്‌കര്‍, അംബേദ്‌കര്‍... എന്ന് പറയുന്നതു പ്രതിപക്ഷത്തിനു ഫാഷനായിരിക്കുന്നു. ഇങ്ങനെ പല തവണ ദൈവത്തിന്റെ പേരു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്‌ഥാനം ലഭിക്കുമായിരുന്നു'- ഇങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഈ പരാമർശമാകട്ടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.
ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിപ്പിച്ച പ്രതിപക്ഷം, പാര്‍ലമെന്റിനു പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ആഭ്യന്തരമന്ത്രി മാപ്പു പറയണമെന്നും രാജിവയ്‌ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍ അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചുവെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അമിത് ഷാ, തന്റെ ഭാഗം വ്യക്തമാക്കിയത്. അതേസമയം അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ പ്രധാനമന്ത്രി മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
Adjust Story Font
16