'സുഹൃത്ത്, വഴികാട്ടി'; മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് സോണിയ ഗാന്ധി
ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് സോണിയാ ഗാന്ധി പറഞ്ഞു
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് സോണിയാ ഗാന്ധി പറഞ്ഞു.
'തനിക്ക് സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നു അദ്ദേഹം. പൂർണ്ണമനസ്സോടെ അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിക്കുകയും, വഹിച്ച പദവികളിൽ എല്ലാം അദ്ദേഹം മികവ് പുലർത്തുകയും ചെയ്തു' എന്ന് സോണിയ ഗാന്ധി പറഞ്ഞു.
സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും അചഞ്ചലവുമായിരുന്നു. മൻമോഹൻ സിങിനെപ്പോലെയൊരു നേതാവ് ഉണ്ടായതിൽ കോൺഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഡൽഹി എയിംസിൽ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻ്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻകർ തുടങ്ങിയവരും മൻമോഹൻ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി.
Adjust Story Font
16