Quantcast

യുപിയില്‍ 80 സീറ്റുകളില്‍ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല

MediaOne Logo

Web Desk

  • Published:

    2 July 2024 8:08 AM GMT

Akhilesh Yadav In Lok Sabha
X

ഡല്‍ഹി: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പി.

''ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകൾ ഇല്ലാതാകുന്നതുവരെ സമാജ്‌വാദി ഇക്കാര്യത്തിൽ ഉറച്ചുനിൽക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് വിജയിച്ചാല്‍ ഞങ്ങള്‍ അത് നീക്കം ചെയ്യും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അഖിലേഷ് പറഞ്ഞു.അയോധ്യയിലെ തൻ്റെ പാർട്ടിയുടെ വിജയത്തെ ഇന്ത്യയിലെ പക്വതയുള്ള വോട്ടർമാരുടെ ജനാധിപത്യ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ജനങ്ങൾ സർക്കാരിൻ്റെ ധാർഷ്ട്യം തകർത്തു . ആദ്യമായിട്ടാണ് ഒരു പരാജയപ്പെട്ട സർക്കാർ വരുന്നത്. ഈ സര്‍ക്കാര്‍ അധികകാലം മുന്നോട്ടുപോകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്‍ഡ്യാ മുന്നണിയുടെ ധാര്‍മിക വിജയമായിരുന്നു. പോസിറ്റീവ് രാഷ്ട്രീയത്തിന്‍റെ ജയമായിരുന്നു'' യാദവ് പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലും യാദവ് സര്‍ക്കാരിനെ കടന്നാക്രമിച്ചു. “എന്തുകൊണ്ടാണ് പേപ്പർ ചോർച്ച സംഭവിക്കുന്നത്? യുവാക്കൾക്ക് ജോലി നൽകാതിരിക്കാനാണ് സർക്കാർ ഇത് ചെയ്യുന്നത് എന്നതാണ് സത്യം. യുവാക്കൾക്ക് ജോലി നൽകിയിട്ടില്ല. പകരം, ജോലികൾ സർക്കാർ തട്ടിയെടുത്തു'' അഖിലേഷ് ആരോപിച്ചു. അഗ്നിവീര്‍ പദ്ധതിയെ ഇന്‍ഡ്യാ മുന്നണി ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തുമ്പോള്‍ അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും യാദവ് പറഞ്ഞു.

TAGS :

Next Story