ശബ്ദം താഴ്ത്തി സംസാരിക്കൂ, നിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് മുന്ന് ജഡ്ജിമാരെ മാത്രമാണ്; അഭിഭാഷകന് താക്കീതുമായി ചീഫ് ജസ്റ്റിസ്
അഭിഭാഷകനും ബിജെപി നേതാവുമായ കൗസ്തവ് ബാഗ്ചിക്കാണ് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയത്
ഡൽഹി: സുപ്രിംകോടതിയൽ വാദം നടക്കുന്നതിനിടെ ഉയർന്ന ശബ്ദത്തിൽ ജഡ്ജിമാരെ അഭിസംബോധന ചെയ്ത് അഭിഭാഷകൻ. ഇതിൽ അസ്വസ്ഥനായ ചീഫ് ജസ്റ്റിസിന്റെ ശകാരം പിന്നാലെ. കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടെയാണ് സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കേസിന്റെ വാദത്തിനിടെ കോടതിയിൽ ശബ്ദമുയർത്തിയതിന് കൗസ്തവ് ബാഗ്ചി എന്ന അഭിഭാഷകനെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ശകാരിച്ചത്. നിങ്ങൾ ജഡ്ജിമാരെയാണോ അതോ കോടതിക്ക് പുറത്തുള്ള ഗാലറിയെയാണോ അഭിസംബോധന ചെയ്യുന്നതെന്ന് ചന്ദ്രചൂഡ് അഭിഭാഷകനോട് ചോദിച്ചു.
'കഴിഞ്ഞ രണ്ട് മണിക്കൂറായി ഞാൻ നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുന്നു. ആദ്യം നിങ്ങളുടെ ശബ്ദം താഴ്ത്താൻ കഴിയുമോ? നിങ്ങൾ അഭിസംബോധന ചെയ്യുന്നത് നിങ്ങളുടെ മുമ്പിലിരിക്കുന്ന ചീഫ് ജസ്റ്റിസിനെയും മറ്റ് രണ്ടു ജഡ്ജിമാരെയും മാത്രമാണ്. അല്ലാതെ വീഡിയോ കോഫറൻസിങ് വഴി കോടതി നടപടികൾ നിരീക്ഷിക്കുന്ന കാണികളേയല്ല. കൗസ്തവ് ബാഗ്ച്ചിയുടെ ഉയർന്ന ശബ്ദത്തോടെയുള്ള വാദത്തിൽ അസ്വസ്ഥനായ ചീഫ് ജസ്‌ററിസ് പറഞ്ഞു.
വാദത്തിനിടെ ഡോക്ടറുടെ കൊലപാതകത്തെ തുടർുന്നുണ്ടായ പ്രതിഷേധത്തിൽ ഒരു കൂട്ടം അഭിഭാഷകർ കല്ലെറിയുതിന്റെ വീഡിയോകളും ഫോട്ടോകളും എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതെല്ലാം തന്റെ പക്കലുണ്ടെന്നും പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ഇതിനു മറുപടിയുമായാണ് ബിജെപി നേതാവ് കൂടിയായ അഭിഭാഷകൻ കൗസ്തവ് ബാഗ്ചി രംഗത്തുവത്. കബിൽ സിബലിനെ പോലെ മുതിർന്ന അഭിഭാഷകന് എങ്ങനെയാണ് കോടതിയിൽ ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയുന്നതെന്ന് ബാഗ്ചി ചോദിച്ചു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ് എത്തിയത്. പിന്നാലെ ബാഗ്ചി കോടതിയോട് മാപ്പു പറഞ്ഞു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ. ബി പർദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്ന ഡോക്ടർമാരെ കുറിച്ച് കോടതി പരാമർശിച്ചു. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സമയത്ത് ഡോക്ടർമാർ പ്രതിഷേധം തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഡോക്ടർമാർക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചാൽ അതിനെ തടയാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. പ്രതിഷേധം തുടരുന്ന മുഴുവൻ ഡോക്ടർമാരും നാളെ വൈകിട്ട് അഞ്ചു മണിക്കകം തിരിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നും അഭിപ്രായപ്പെട്ടു.
പ്രതിഷേധം അവസാനിപ്പിച്ച് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും സർക്കാറിനു വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.
Adjust Story Font
16