യഥാർത്ഥ ശിവസേന എക്നാഥ് ഷിൻഡെ പക്ഷമെന്ന് സ്പീക്കർ; ഉദ്ധവ് താക്കറെക്ക് തിരിച്ചടി
‘2018ലെ ശിവസേന ഭരണഘടന അംഗീകരിക്കാനാകില്ല’
മുംബൈ: മാഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി ബി.ജെ.പി പാളയിത്തിലെത്തിയ ഏക്നാഥ് ഷിൻഡയെ പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള അധികാരം ഉദ്ധവ് താക്കറെക്കില്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 40 എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻറെ പരാതിയിൽ വിധി പറയുകയായിരുന്നു മഹാരാഷ്ട്ര നിയമസഭ സ്പീക്കർ.
സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കർ രാഹുൽ നർവേക്കർ വിധി പറഞ്ഞത്. യഥാർത്ഥ ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷമാണെന്ന് സ്പീക്കർ അംഗീകരിക്കുകയായിരുന്നു. വിധി ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയാണ്.
2018ലെ ശിവസേന ഭരണഘടന അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഇതിന് അംഗീകാരം നൽകിയിട്ടില്ല. 1999ലെ ഭരണഘടനാ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും സ്പീക്കർ പറഞ്ഞു.
കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഏക്നാഥ് ഷിൻഡെക്കാണ്. വിമത വിഭാഗം ഉണ്ടാകുമ്പോൾ പരിഗണിക്കുക സഭയിലെ ഭൂരിപക്ഷം മാത്രമാണ്. ഉദ്ധവ് നടപ്പാക്കിയത് പാർട്ടിയുടെ പൊതു താൽപര്യം അല്ല. ഉദ്ധവ് പക്ഷത്തിന് ഭരണഘടന പ്രകാരം മുഴുവൻ അംഗങ്ങളുടെയും പിന്തുണയില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
വിപ്പ് നൽകിയ യോഗത്തിൽ എം.എൽ.എമാർ പങ്കെടുക്കാത്തത് അയോഗ്യതക്ക് കാരണം അല്ല. വിപ്പ് നൽകിയത് അംഗീകാരമില്ലാത്ത പക്ഷമാണ്. യോഗത്തിൽ പങ്കെടുക്കാത്തത് പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മാത്രമായിട്ടാണ് കാണാൻ കഴിയുകയുള്ളൂവെന്നും സ്പീക്കർ പറഞ്ഞു.
മഹാരാഷ്ട്ര എം.എൽ.എമാരുടെ അയോഗ്യത ഹർജിയിൽ സ്പീക്കർക്ക് സുപ്രീം കോടതി കർശന നിർദേശം നൽകിയിരുന്നു. 2023 ഡിസംബർ 15ന് സുപ്രീം കോടതി നർവേക്കറിന് അയോഗ്യതാ ഹർജികളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്ന് ജനുവരി 10 വരെ നീട്ടിനൽകിയിരുന്നു.
2022 ജൂണിൽ പാർട്ടി പിളർത്തി ബിജെപി പാളയത്തിലെത്തിയ ഷിൻഡെ ഉൾപ്പെടെ 40 എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിൻറെ ആവശ്യം. മൂന്ന് മാസത്തോളം നീണ്ട എം.എൽ.എമാരുടെ വാദംകേൾക്കലിന് ശേഷമാണ് വിധി.
നടപടി വൈകുന്നതിൽ നേരത്തെ സ്പീക്കറെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം, വിധിപറയുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചത് തെറ്റായ നടപടിയാണെന്ന് കാണിച്ച് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Adjust Story Font
16