ആറ് നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവീസ് റദ്ദാക്കി സ്‌പൈസ് ജെറ്റ്
യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെയാണ് സർവീസ് നിർത്തിവെക്കാൻ സ്പൈസ്ജെറ്റ് തീരുമാനിച്ചത്.
ഹൈദരാബാദ്: ആറ് നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് റദ്ദാക്കി സ്‌പൈസ്‌ജെറ്റ്. ഫെബ്രുവരി മുതൽ എട്ട് നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുണ്ടായിരുന്നു. ചെന്നൈ, ബെംഗളൂരു, ജയ്പൂർ, പട്‌ന, ദർഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസ് ആണ് റദ്ദാക്കിയത്. നിലവിൽ അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സർവീസുള്ളത്.
ഹൈദരാബാദിൽനിന്നുള്ള സർവീസാണ് അവസാനം നിർത്തിവെച്ചത്. സ്‌പൈസ്‌ജെറ്റിന്റെ എയർബസ് എ320 ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ജൂൺ ഒന്ന് മുതലാണ് സർവീസ് നിർത്തിവച്ചത്. യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെയാണ് സർവീസുകൾ നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചത്.
''സാധാരണയായി ടിക്കറ്റ് വിൽപ്പന കുറയുമ്പോഴാണ് ഒരു എയർലൈൻസ് സർവീസ് നിർത്തിവെക്കുന്നത്. തുടക്കത്തിൽ അയോധ്യ കാണാൻ ആളുകൾ വലിയ താൽപ്പര്യം കാണിച്ചിരുന്നെങ്കിലും ക്രമേണ അത് കുറഞ്ഞു''-വിമാനക്കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദിൽനിന്ന് അയോധ്യയിലേക്ക് വിമാനസർവീസ് ആരംഭിച്ചത്. രാവിലെ 10.45ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്ത എസ്.ജി 616 വിമാനം ഉച്ചക്ക് 12.45നാണ് അയോധ്യ മഹാറിഷി വാൽമീകി വിമാനത്താവളത്തിൽ എത്തിയത്. അയോധ്യയിൽനിന്ന് 1.25ന് തിരിച്ച വിമാനം 3.25ന് ഹൈദരാബാദിൽ എത്തി. ഒരാഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടായിരുന്നത്. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകൾ പ്രകാരം മെയ് 30നാണ് അവസാന വിമാനം സർവീസ് നടത്തിയത്.
നിലവിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഡൽഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ അൽപ്പസമയം തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. അയോധ്യയിലെത്താൻ മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.
Adjust Story Font
16