ശ്രീലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി; ഇന്ത്യയുടെ 5 ബില്യൺ ഡോളർ സഹായത്തിന് നന്ദി പറഞ്ഞ് ദിസനായകെ
മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയത്
ഡൽഹി: ശ്രീലങ്കക്ക് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ. സാമ്പത്തിക തകർച്ചയുടെ സമയത്ത് വലിയ പിന്തുണ നൽകി ഉഭയകക്ഷി കടം പുനഃക്രമീകരിക്കുന്നതിന് നിർണായക സഹായങ്ങൾ ചെയ്‌ത് ഇന്ത്യ ശ്രീലങ്കക്കൊപ്പം നിന്നുവെന്ന് ദിസനായകെ പറഞ്ഞു.
ഇന്ത്യ ഇതുവരെ 5 ബില്യൺ ഡോളറിൻ്റെ വായ്‌പയും ഗ്രാൻഡും ശ്രീലങ്കയ്ക്ക് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. . ശ്രീലങ്കയിലെ 25 ജില്ലകളിലും തങ്ങൾക്ക് സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ടുവർഷം മുൻപാണ് ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. ആ ചതുപ്പിൽ നിന്ന് കരകയറാൻ ഇന്ത്യ വളരെയധികം പിന്തുണച്ചതായി ദിസനായകെ പറഞ്ഞു.
കോവിഡ് കാലവും ലോക്‌ഡൗണും കാരണം ടൂറിസം രംഗത്ത് കനത്ത പ്രതിസന്ധി നേരിട്ടത് ശ്രീലങ്കക്ക് ഏറ്റ വലിയൊരു തിരിച്ചടി തന്നെയായിരുന്നു. ഈ ഘട്ടം മുതൽ തന്നെ ഇന്ത്യ സഹായവുമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസമാണ് മൂന്നുദിവസത്തെ സന്ദർശനത്തിനായി അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള നിർണായക തീരുമാനങ്ങളും എടുത്തിരുന്നു.
ഭവനം, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം, ശ്രീലങ്കയിലെ കൃഷി, ക്ഷീര, മത്സ്യബന്ധനം എന്നിവയുടെ വികസനത്തിനും ഇന്ത്യ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തനത് ഡിജിറ്റൽ ഐഡൻ്റിറ്റി പദ്ധതിയിൽ ഇന്ത്യ പങ്കാളികളാകുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.
ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒന്നും തന്നെ ശ്രീലങ്കയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ദിസനായകെയും ഉറപ്പ് നൽകി. ഇന്ത്യയുമായുള്ള സഹകരണം തീർച്ചയായും അഭിവൃദ്ധിപ്പെടും,, ഇന്ത്യയ്‌ക്കുള്ള തുടർച്ചയായ പിന്തുണ ശ്രീലങ്ക ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയുമായുള്ള പ്രതിരോധ സഹകരണ കരാറിന് ഇന്ത്യ ഉടൻ അന്തിമ രൂപം നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഹൈഡ്രോഗ്രാഫിയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ട്. കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഒരു പ്രധാന വേദിയാണ്. ഇതിന് കീഴിൽ, സമുദ്ര സുരക്ഷ, ഭീകരതയ്‌ക്കെതിരെ സൈബർ സുരക്ഷ, കള്ളക്കടത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരായ പോരാട്ടം, മാനുഷിക സഹായം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ദിസനായകെയുടെ ആദ്യ ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ന്യൂഡൽഹിയിൽ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16