കർണാടകയിൽ ബി.ജെ.പിയോട് കൊമ്പുകോർക്കാൻ ശ്രീരാമസേന; പ്രമോദ് മുത്തലിക്കും മത്സരിക്കും
ശ്രീരാമസേന മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്കു തിരിച്ചടിയാകില്ലെന്നാണ് ബി.ജെ.പി പ്രതികരണം
ബംഗളൂരു: ഈ വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ ശ്രീരാമസേന. 25 സീറ്റുകളിൽ സ്വന്തമായി മത്സരിക്കാനാണ് തീരുമാനം. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ആണ് ഇക്കാര്യം ദേശീയ മാധ്യമമായ 'ദ പ്രിന്റി'നോട് വ്യക്തമാക്കിയത്.
25 സീറ്റിൽ പത്തിടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഉഡുപ്പിയിലെ കർകളയിലാണ് പ്രമോദ് മുത്തലിക് മത്സരിക്കുന്നത്. ശ്രീരാമസേനയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്.
തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി മത്സരിക്കില്ലെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, മുൻ തെരഞ്ഞെടുപ്പുകളിൽ അതുണ്ടായില്ലെന്നും പ്രമോദ് മുത്തലിക് ചൂണ്ടിക്കാട്ടി. ഭരണസംവിധാനം ഒന്നാകെ അഴിമതിയിൽ ചീഞ്ഞുനാറുകയാണ്. ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയത്തെ അരികുവൽക്കരിക്കുകയാണെന്നും പ്രമോദ് മുത്തലിക് കുറ്റപ്പെടുത്തി.
അതേസമയം, ശ്രീരാമസേന മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്കു തിരിച്ചടിയാകില്ലെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ചെറിയ കക്ഷികൾ തങ്ങളെ ബാധിക്കാൻ പോകുന്നില്ലെന്ന് ബി.ജെ.പി വക്താവ് ഗണേഷ് കർണിക് പ്രതികരിച്ചു. ഇത്തവണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. പ്രത്യേകിച്ചും ഭൂരിപക്ഷ സമുദായത്തിന്റെ വിഷയങ്ങളിൽ സർക്കാർ കൈക്കൊണ്ട നടപടികളായിരിക്കും ഉയർത്തുക. ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഗണേഷ് കർണിക് വ്യക്തമാക്കി.
ശ്രീരാമസേനയുടെ ഉറച്ച പ്രവർത്തകർ മാത്രമാകും അവർക്ക് വോട്ട് ചെയ്യുക. ബാക്കി ഭൂരിപക്ഷവും ബി.ജെ.പിയെ തന്നെ പിന്തുണയ്ക്കും. ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയപരമായി പ്രതിനിധീകരിക്കാൻ ബി.ജെ.പിക്കു മാത്രമേ ആകൂവെന്നതിനെക്കുറിച്ച് വോട്ടർമാർക്ക് തിരിച്ചറിവുണ്ടെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
Summary: Sri Ram Sena plans to take on BJP in Karnataka assembly polls 2023
Adjust Story Font
16