ഇന്ത്യയുടെ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിജയകരമായി വിക്ഷേപിച്ചു
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02 വിനെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്നു നിർമിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എൽവി കുതിച്ചുയർന്നത്.
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങൾ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02 വിനെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്നു നിർമിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എൽവി കുതിച്ചുയർന്നത്. പതിവിൽനിന്ന് ഭിന്നമായി വിക്ഷേപണത്തിന് ആറര മണിക്കൂർ മുമ്പുതന്നെ എസ്എസ്എൽവിയുടെ കൗൺഡൗൺ തുടങ്ങിയിരുന്നു.
നിർമാണച്ചെലവ് വളരെ കൂറവുള്ള എസ്എസ്എൽവി വിക്ഷേപണ സജ്ജമാകാൻ കുറച്ചുസമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗൺ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണരംഗം സ്വകാര്യമേഖലക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്എസ്എൽവിക്ക് രൂപം നൽകിയത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകർക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.
Adjust Story Font
16