Quantcast

കർണാടകയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും ഉർദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു; 15 ഹിന്ദുത്വവാദികൾ അറസ്റ്റിൽ

ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച് വാഹനം അടിച്ചു തകർത്തു.

MediaOne Logo

Web Desk

  • Updated:

    2023-03-14 13:49:07.0

Published:

14 March 2023 1:36 PM GMT

കർണാടകയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും ഉർദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു; 15 ഹിന്ദുത്വവാദികൾ അറസ്റ്റിൽ
X

ബെം​ഗളുരു: കർണാടക ഹാവേരിയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘർഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു മുസ്‌ലിം പ്രദേശത്തു കൂടി കടന്നുപോയപ്പോൾ അവരിൽ ചിലർ അവിടുത്തെ വീടുകൾക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നു.

ലോറിയും കാറും ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകർത്ത ഹിന്ദുത്വവാദികൾ ഒരു ഉർദു സ്കൂളിന് നേരെയും കല്ലേറ് നടത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ പേടിച്ച് നിലവിളിച്ച് പുറത്തേക്കിറങ്ങി ഓടിയ കുട്ടികൾ സഹായം തേടി തെരുവിലേക്കെത്തിയെന്നും അവർ ചൂണ്ടിക്കാട്ടി.

ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച് വാഹനം അടിച്ചു തകർത്തു. സംഘർഷം രൂക്ഷമായതോടെ, മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും നിരവധി പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്ക് റാലി സമാധാനപരമായിരുന്നുവെങ്കിലും ഒരു പള്ളിക്ക് സമീപം എത്തിയപ്പോൾ കുറച്ച് അക്രമികൾ ആരാധനലായത്തിനു നേരെ കല്ലെറിയുകയായിരുന്നെന്ന് ഹവേരി പൊലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു.

ഘോഷയാത്രയ്ക്കിടെ പൊലീസിനെ വിന്യസിച്ചിരുന്നു. അതിനാൽ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ കുറ്റവാളികളെ തിരിച്ചറിയാൻ എളുപ്പമായെന്നും എസ്പി കൂട്ടിച്ചേർത്തു.

അതേസമയം, റാലിക്കിടെ കല്ലെറിഞ്ഞത് ആരാണെങ്കിലും അത് തെറ്റാണെന്നും പൊലീസിൽ പരാതി നൽകുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും കൃഷിമന്ത്രി ബി.സി. പാട്ടീൽ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച നടന്ന കല്ലേറിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്രമത്തിന് ഇടം നൽകാതെ തർക്കം രമ്യമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് സമാധാനം ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story