Quantcast

'മുഖ്യമന്ത്രിക്ക് സമൂസ കിട്ടിയില്ല'; സിഐഡി അന്വേഷണത്തെച്ചൊല്ലി ഹിമാചൽപ്രദേശിൽ വിവാദം

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പങ്കെടുത്ത പരിപാടിയിലെ സമൂസയാണ് കാണാതായത്.

MediaOne Logo

Web Desk

  • Published:

    8 Nov 2024 12:39 PM GMT

Storm over no samosa for Himachal Chief Minister
X

ഷിംല: മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായതിനെ ചൊല്ലി ഹിമാചൽപ്രദേശിൽ വിവാദം. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണായത്. ഒക്ടോബർ 21നാണ് സംഭവം. ഹിമാചൽ പ്രദേശ് പൊലീസ് സിഐഡി വിഭാഗത്തിന്റെ ഒരു യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രിക്കായി വാങ്ങിവെച്ചിരുന്ന സമൂസയാണ് കാണാതായത്. ലക്കാർ ബസാറിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽനിന്ന് മൂന്ന് ബോക്‌സ് സമൂസകൾ ഓർഡർ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് നൽകാനായി നോക്കിയപ്പോൾ ഒരെണ്ണം പോലും ബാക്കിയില്ലായിരുന്നു. ഇതിനെക്കുറിച്ച് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിവാദമായത്.

എന്നാൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ഇത് ആഭ്യന്തര വിഷയമാണെന്നുമായിരുന്നു ഹിമാചൽപ്രദേശ് സിഐഡി ഡയറക്ടർ ജനറൽ സഞജീവ് രഞ്ജൻ ഓജ പറഞ്ഞു. ഏതാനും ഉദ്യോഗസ്ഥർ ഒത്തുകൂടിയപ്പോൾ ചായക്ക് സമൂസ എത്തിച്ചിരുന്നു. അത് എവിടെപ്പോയി എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. അല്ലാതെ ഔദ്യോഗികമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ഡിജി പറഞ്ഞു.

''മുഖ്യമന്ത്രി പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. പരിപാടിക്ക് ശേഷം ഉദ്യോഗസ്ഥർ ചായക്ക് ഇരുന്നപ്പോൾ കടി കൊണ്ടുവന്നിരുന്നല്ലോ അത് എവിടെപ്പോയി എന്ന് അന്വേഷിച്ചു, അതിനെക്കുറിച്ച് ചർച്ചയുണ്ടായി. അത് മാത്രമാണ് നടന്നത്. ഇത് പൂർണമായും സിഐഡി വിഭാഗത്തിലെ ആഭ്യന്തര വിഷയമാണ്. ഇത് രാഷ്ട്രീയവൽക്കരിച്ച് സംഭവവുമായി ഒരു ബന്ധവുമില്ലാത്തവരെ ലക്ഷ്യംവെക്കുന്നത് ദൗർഭാഗ്യകരമാണ്''-ഓജ പറഞ്ഞു.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസും നിരസിച്ചു. സിഐഡി വിഷയം സ്വന്തമായി അന്വേഷിക്കുന്നുണ്ട്. ബിജെപി വിഷയത്തെ അനാവശ്യമായി വിവാദമാക്കുകയാണ്. ബിജെപി ഒരു വിഷയവും ഉന്നയിക്കാനില്ലാത്തതിനാൽ കോൺഗ്രസ് സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ നരേഷ് ചൗഹാൻ പറഞ്ഞു.

TAGS :

Next Story