Quantcast

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സുമലത എം.പി; പാർട്ടി വ്യക്തമാക്കാതെ നടി

'എവിടെ മത്സരിക്കും എന്നത് തൽക്കാലം മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നു, കാരണം ഇപ്പോൾ അത് വെളിപ്പെടുത്തിയാൽ വെല്ലുവിളികൾ ഉണ്ടാകാം'- എം.പി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Jan 2023 2:26 PM GMT

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സുമലത എം.പി; പാർട്ടി വ്യക്തമാക്കാതെ നടി
X

ബെം​ഗളൂരു: നിയമസഭാ അങ്കത്തിനൊരുങ്ങി നടിയും എം.പിയുമായ സുമലത. മാണ്ഡ്യ മണ്ഡലത്തിൽ നിന്നും 2019ൽ വൻ വിജയം നേടിയ സുമലത ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിനിറങ്ങുമെന്ന സൂചന നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് വിമുഖതയില്ലെന്ന് സുമലത അംബരീഷ് പറഞ്ഞു.

'എന്റെ മണ്ഡലവും പിന്തുണയ്ക്കുന്ന ജനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, എം.എൽ.എ ആയിരുന്നാലാണ് ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനാവുക'- സുമലത വ്യക്തമാക്കി. എന്നാൽ കോൺ​ഗ്രസിലേക്കോ ബി.ജെ.പിയിലേക്കോ പോവുമോ എന്ന ചോദ്യത്തിന് അവർ കൃത്യമായ മറുപടി നൽകിയില്ല.

അനധികൃത ഖനനത്തിനെതിരെയും ജനങ്ങൾക്കനുകൂലമായ കാര്യങ്ങൾക്കും വേണ്ടിയാണ് താൻ പോരാടുന്നതെന്നു പറഞ്ഞ എം.പി, ആ പോരാട്ടം തുടരാൻ തന്നെ സഹായിക്കുന്ന പാർട്ടിയിൽ ചേരുമെന്നും അവർ വ്യക്തമാക്കി. കാരണം ഈ പോരാട്ടം തനിക്കു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണെന്നും സുമലത ചൂണ്ടിക്കാട്ടി.

താനൊരു ബി.ജെ.പി അം​ഗമല്ലെന്നും അവർ വ്യക്തമാക്കി. 'ഞാനൊരു സ്വതന്ത്ര എം.പിയാണ്. ചില വിഷയങ്ങളിൽ മാത്രം ഞാൻ ഏതെങ്കിലും പാർട്ടിയെ പിന്തുണച്ചിരിക്കാം. എന്നാൽ ഞാൻ ഇപ്പോഴും സ്വതന്ത്രയാണ്'- അവർ പറഞ്ഞു.

അതേസമയം, എവിടെ മത്സരിക്കും എന്ന ചോദ്യത്തിന്, 'അത് തൽക്കാലം മറച്ചുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നു, കാരണം ഇപ്പോൾ അത് വെളിപ്പെടുത്തിയാൽ വെല്ലുവിളികൾ ഉണ്ടാകാം' എന്നായിരുന്നു സുമലതയുടെ മറുപടി. തന്നെ പിന്തുണയ്ക്കുന്നവരെ കണ്ട ശേഷം തീരുമാനം പരസ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

എം.പി തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിലെ നിഖിൽ കുമാരസ്വാമിക്കെതിരെയാണ് സുമലത മത്സരിച്ചത്. മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല എന്നതിനാൽ തന്നെ ഇരു പാർട്ടി വോട്ടുകളും അവർക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള മാണ്ഡ്യയിൽ സുമലത വൻ ഭൂരിപക്ഷമാണ് നേടിയത് എന്നിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് അവർ‍ മത്സരിക്കാൻ തീരുമാനിച്ചാൽ അത് ​ഗുണകരമാകുമെന്നതിൽ സംശയമില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയാൽ ഇരു പാർട്ടികളും സീറ്റ് വാ​ഗ്ദാനവുമായി നടിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്.

TAGS :

Next Story