സിദ്ധരാമയ്യ ടീമില്‍ സുനിൽ കനുഗോലുവും; കാബിനറ്റ് റാങ്കോടെ പുതിയ ദൗത്യം
കഴിഞ്ഞ വർഷം മാർച്ചിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനുള്ള ദൗത്യം സുനിൽ ഏറ്റെടുക്കുന്നത്
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിനു പിറകിൽ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന് പുതിയ ദൗത്യം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായാണ് പുതിയ നിയമനം. കാബിനറ്റ് പദവിയോടെയാണ് പദവി നൽകുന്നത്.
നിയമനവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. 'ബംഗളൂരുവിലെ ജെ.പി നഗറിൽനിന്നുള്ള സുനില് കനുഗോലു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായിരിക്കുന്നു. അടുത്തൊരു ഉത്തരവ് വരെ അദ്ദേഹം ഈ പദവിയിൽ തുടരും. മന്ത്രിമാർക്കു സമാനമായ വിശേഷാധികാരങ്ങളും അദ്ദേഹത്തിനു ലഭിക്കും.'-ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനുള്ള പ്രത്യേക ദൗത്യം സുനിലിനെ ഏൽപിക്കുന്നത്. ഇതിനുശേഷം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ദൗത്യസംഘത്തിൽ അംഗമായി അദ്ദേഹത്തെ സോണിയ ഗാന്ധി നിയമിക്കുകയും ചെയ്തു. കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ആവിഷ്‌ക്കരിച്ചത് സുനിലിന്റെ നേതൃത്വത്തിലുള്ള 'മൈൻഡ്‌ഷെയർ' എന്ന സംഘമായിരുന്നു. ഇവർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർത്ഥികളെ നിർത്തിയത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കെതിരായ കോൺഗ്രസ് കാംപയിനുകളുടെ ആസൂത്രണത്തിലും സുനിലിനു പങ്കുണ്ട്. ബൊമ്മൈയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള 'പേസിഎം', '40% സർക്കാർ' തുടങ്ങിയ കാംപയിനുകളെല്ലാം അദ്ദേഹത്തിന്റെ തന്ത്രമായിരുന്നുവെന്നാണ് അറിയുന്നത്.
കോൺഗ്രസിനൊപ്പം ചേരുന്നതിനുമുൻപ് ബി.ജെ.പിക്കു വേണ്ടിയും സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പിൽ അമിത് ഷായ്‌ക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിച്ചത്. തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിനു വേണ്ടിയും തന്ത്രങ്ങളൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘത്തിലും മുൻപ് സുനിലുണ്ടായിരുന്നു.
Summary: Sunil Kanugolu, Congress's Karnataka Poll strategist, appointed chief advisor to CM Siddaramaiah with cabinet rank
Adjust Story Font
16