തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നടപടി.
ഡൽഹി: ബാബ രാം ദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി. ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിർദേശം നൽകിയത്.
പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവെ, രാജ്യത്തെയാകെ പറഞ്ഞു പറ്റിക്കുമ്പോൾ കേന്ദ്രം വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു. സർക്കാർ കണ്ണടച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ അടിയന്തരമായി നടപടിയെടുക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16