Quantcast

'കുക്കി സമുദായക്കാരനായതുകൊണ്ട് തടവുകാരനു ചികിത്സ നല്‍കിയില്ല; മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വാസമില്ല'; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

ജൂലൈ 15നു മുന്‍പായി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട കോടതി, ചികിത്സയുടെ എല്ലാ ചെലവും സംസ്ഥാനം വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 July 2024 2:07 AM GMT

“We don’t trust state”, Supreme Court blasts Manipur govt for not shifting minority Kuki prisoner to hospital, Manipur violence, Manipur riot, Biren Singh government,
X

ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കുക്കി സമുദായത്തില്‍പ്പെട്ട വിചാരണാ തടവുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാതിരുന്നതിലാണു കോടതിയുടെ കടുത്ത വിമര്‍ശനം.

ജയില്‍ ഉദ്യോഗസ്ഥര്‍ ചികിത്സ നിഷേധിച്ചുവെന്ന് ആരോപിച്ച് ലുങ്കോംഗം ഹാവോകിപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂലക്കുരുവും ക്ഷയരോഗവും ഉള്‍പ്പെടെയുണ്ടായിട്ടും ജയില്‍ അധികൃതര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയില്ലെന്നാണ് ഇദ്ദേഹം ഹരജിയില്‍ പറഞ്ഞത്. നിരന്തരം അഭ്യര്‍ഥിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലുങ്കോംഗത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തടവുകാരനെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പരിശോധനയ്ക്കു വിധേയനാക്കാന്‍ ജയില്‍ സൂപ്രണ്ടിനും സര്‍ക്കാരിനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

''സംസ്ഥാന സര്‍ക്കാരിനെ ഞങ്ങള്‍ക്കു വിശ്വാസമില്ല. കുക്കി സമുദായക്കാരനായതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാതിരുന്നത്. ഇതു ദുഃഖകരമാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തെ പരിശോധിക്കണമെന്ന് ഉത്തരവിടുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും ഗുരുതരമായതു കണ്ടെത്തിയാല്‍ അപ്പോള്‍ പറയാം.''-കോടതി മുന്നറിയിപ്പ് നല്‍കി.

ഉടന്‍ തന്നെ ഗുവാഹത്തിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നാണു സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. മൂലക്കുരു, ക്ഷയം, ടോണ്‍സ്ലൈറ്റിസ്, വയറുവേദന ഉള്‍പ്പെടെയുള്ളവയ്‌ക്കെല്ലാം മെഡിക്കല്‍ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ജൂലൈ 15നു മുന്‍പായി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട കോടതി, ചികിത്സയുടെ എല്ലാ ചെലവും സംസ്ഥാനം വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Summary: “We don’t trust state”, Supreme Court blasts Manipur govt for not shifting minority Kuki prisoner to hospital

TAGS :

Next Story