രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 31 വര്‍ഷത്തിനു ശേഷം മോചനം
നളിനി ശ്രീഹർ,ആര്‍.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്
ഡല്‍ഹി: രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി, ശ്രീഹർ,ആര്‍.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽമോചിതരാക്കുന്നത്. പേരറിവാളൻ കേസിലെ വിധി ഇവർക്കും ബാധകമെന്നു കോടതി വ്യക്തമാക്കി.
തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ആഗസ്തില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നളിനി, ഭർത്താവ് മുരുഗൻ, ശാന്തൻ, ജയകുമാർ, പേരറിവാളൻ, രവിചന്ദ്രൻ,റോബര്‍ട്ട് പയസ് എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടത്. അതിൽ പേരറിവാളനെ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം സുപ്രിംകോടതിയുടെ ഇടപെടലിനെ തുടർന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്‍റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചത്.
ദയാഹരജിയിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. 1991 മെയ് മാസത്തിൽ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Adjust Story Font
16