‘നിയമം എല്ലാവർക്കും ഒരുപോലെയാണ്’; അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രിം കോടതി
അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം രൂപതകളിലേക്കും കോൺവെന്റുകളിലേക്കുമാണ് പോകുന്നതെന്നും 85 വർഷമായി നികുതി നൽകിയിരുന്നില്ലെന്നുമുള്ള വാദം കോടതി തള്ളി
ന്യൂഡൽഹി: സ്‌കൂൾ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. അധ്യാപകരായ കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കം വന്ന 93 ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന വിധി.
‘ശമ്പളമായി ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവെന്റുകൾക്കോ നൽകും. വ്യക്തിപരമായ ആവശ്യങ്ങൾക്ക് അതിൽ നിന്ന് ചെലവഴിക്കുന്നില്ല. അതിനാൽ അവരിൽ നിന്ന് ആദായനികുതി ഈടാക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ആദായനികുതി ഇളവ് അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആദായനികുതിവകുപ്പ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി തള്ളിയതോടെയാണ് കന്യാസ്ത്രീകളും വൈദികരും സുപ്രിം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കുകയായിരുന്നു.കന്യാസ്ത്രീയായാലും അല്ലെങ്കിലും ജോലിചെയ്ത് ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
‘ദാരിദ്ര്യത്തിൽ ജീവിക്കാമെന്നു വ്രതമെടുത്തവരാണ് വൈദികരും കന്യാസ്ത്രീകളും. അവരുടെ ശമ്പളം കോൺവെന്റിലേക്കും രൂപതയിലേക്കുമാണ് പോകുന്നത്. രൂപതകൾ ചാരിറ്റബിൾ ട്രസ്റ്റായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും അതിൽ നിന്നൊന്നും എടുക്കുന്നില്ല. കഴിഞ്ഞ 85 വർഷമായി പുരോഹിതന്മാരിൽ നിന്ന് ഒരിക്കലും നികുതി ഈടാക്കിയിട്ടില്ലെന്നും’ ഹരജിക്കാർ വാദിച്ചു.
എന്നാൽ ഈ വാദം ബെഞ്ച് അംഗീകരിച്ചില്ല.‘സർക്കാർ എങ്ങനെയാണ് രൂപതക്ക് പണം നൽകുന്നതെന്നും കോടതി ചോദിച്ചു. സർക്കാർ ഒരിക്കലും രൂപതയ്ക്ക് പണം നൽകുന്നില്ല. സർക്കാരിന് ഒരു മതത്തിനും സംഭാവന നൽകാൻ കഴിയില്ല. സർക്കാർ ബജറ്റിൽ നിന്ന് സ്കൂളിനാണ് പണം നൽകുന്നതെന്നും കോടതി പറഞ്ഞു. എയ്ഡ്ഡ് സ്ഥാപനങ്ങൾക്ക് ശമ്പളം നൽകാൻ 5000 കോടി രൂപയാണ് സർക്കാർ മാറ്റിവെക്കുന്നത്. തൊഴിൽ ചെയ്യുകയും വരുമാനം ലഭിക്കുകയും ചെയ്യുന്നയാൾ നികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന ശമ്പളം ഒരു സ്ഥാപനത്തിന് കൈമാറുന്നുവെന്നത് കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കുന്നതിൽ അപാകതയില്ലെന്ന് 2021 ൽ കേരള ഹൈക്കോടതി വിധിച്ചിരുന്നു. മത സ്വാതന്ത്ര്യത്തിന്റെ പേരിൽ നികുതി ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശമ്പളത്തിൽ നിന്ന് ആദായ നികുതി നൽകാൻ ആദായ നികുതി നിയമ പ്രകാരം ഉത്തരവാദിത്തമുണ്ട്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും കോടതി വിധിച്ചിരുന്നു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് കൊണ്ടായിരുന്നു അന്ന് ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്.
Adjust Story Font
16