'ജയിലിൽ സ്വിമ്മിങ് പൂളും ഫിസിയോ തെറാപ്പിയും നൽകാം'; സത്യേന്ദര്‍ ജെയിനിനെ ജയിലിലെത്തിക്കാൻ ഇ.ഡിയുടെ ഓഫർ, ജാമ്യം നീട്ടി കോടതി
ഇ.ഡിയുടെ ആവശ്യം തള്ളിയ സുപ്രിംകോടതി സെപ്റ്റംബർ ഒന്നുവരെ സത്യേന്ദര്‍ ജെയിനിന്റെ ജാമ്യം നീട്ടി
സത്യേന്ദര്‍ ജെയിന്‍
ന്യൂഡൽഹി: അഴിമതിക്കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദര്‍ ജെയിനിനു നൽകിയ മെഡിക്കൽ ജാമ്യം നീട്ടി സുപ്രിംകോടതി. ഇ.ഡിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. സെപ്റ്റംബർ ഒന്നുവരെയാണ് ജാമ്യകാലയളവ് നീട്ടിയത്.
ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, എം.എം സുന്ദരേഷ് എന്നിവരാണ് സത്യേന്ദ്ര ജെയിനിന്റെ ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചത്. കഴിഞ്ഞ ജൂലൈ 21നു നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം സത്യേന്ദര്‍ പൂർവസ്ഥിതിയിലേക്കു മടങ്ങിവരുന്നേയുള്ളൂവെന്ന് അദ്ദേഹത്തിൻരെ അഭിഭാഷകൻ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്കുമുൻപാകെ സമർപ്പിച്ചിരുന്നു.
ശരീരം കൂടുതൽ ഇളക്കുന്നതിനു നിയന്ത്രണമുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപ്പിയും ജലവ്യായാമങ്ങളും നടത്താൻ ഡോക്ടർമാർ നിർദേശിച്ച കാര്യവും സൂചിപ്പിച്ചു. എന്നാൽ, അദ്ദേഹത്തെ ഉടൻ തന്നെ ഹാജരാക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ(എ.എസ്.ജി) എസ്.വി രാജു ആവശ്യപ്പെട്ടു. ജയിലിൽ ഫിസിയോ തെറാപ്പിക്കും വ്യായാമത്തിനുമുള്ള സൗകര്യങ്ങളൊരുക്കാമെന്നും ഇ.ഡി അറിയിച്ചു. സ്വിമ്മിങ് പൂൾ വേണമെങ്കിൽ അതും ഒരുക്കാമെന്നും വ്യക്തമാക്കി. എന്നാൽ, ഇ.ഡി വാദങ്ങൾ തള്ളി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് കോടതി ജാമ്യം നീട്ടുകയായിരുന്നു.
തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന സത്യേന്ദര്‍ ജെയിൻ കഴിഞ്ഞ മേയ് മാസം ശുചിമുറിയിൽ കുഴഞ്ഞുവീണിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് മേയ് 26ന് കോടതി ജാമ്യം അനുവദിച്ചത്.
Summary: Supreme Court extends interim bail to Satyendar Jain on medical grounds till Sept 1
Adjust Story Font
16