Quantcast

സുപ്രിംകോടതിയില്‍നിന്ന് ആശ്വാസവിധി; കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം

കെ‍ജ്‍രിവാള്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2024-07-12 08:10:00.0

Published:

12 July 2024 5:19 AM GMT

Supreme Court grants bail to Delhi Chief Minister Arvind Kejriwal in liquor policy scam case
X

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. നിലവില്‍ സി.ബി.ഐ കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ളതിനാല്‍ അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാനാകില്ല.

അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ‍ജ്‍രിവാള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെ‍ജ്‍രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി.

കെ‍ജ്‍രിവാള്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രിംകോടതി പറഞ്ഞു. പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. വെറും ചോദ്യംചെയ്യലിനെ തുടര്‍ന്ന് അറസ്റ്റ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ വിശാല ബെഞ്ച് വിധി പറയും. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിനു പിന്നാലെ ജൂണ്‍ മൂന്നിന് അദ്ദേഹം ജയിലിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇ.ഡി ആവശ്യപ്രകാരം വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

2022 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ ഡൽഹി അഴിമതിക്കേസില്‍ 2023 മാര്‍ച്ച് 21നാണ് കെ‍ജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Summary: Supreme Court grants interim bail to Delhi Chief Minister Arvind Kejriwal in liquor policy scam case

TAGS :

Next Story