ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി
നേരത്തെ, കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു.
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് ബേല എം ത്രിവേദിയാണ് പിന്മാറിയത്.
പ്രതികളുടെ മോചനത്തിനെതിരെ തൃണമൂൽ എം.പി മഹുവ മൊയ്ത്ര. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, ലഖ്‌നൗ സർവകലാശാല മുൻ വി.സി രൂപ് രേഖ വർമ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ഹരജികളാണ് ജസ്റ്റിസ് അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നിലെത്തിയത്. എന്നാൽ ഈ ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ബേല എം ത്രിവേദി പിൻമാറുകയായിരുന്നു.
"ഇരയുടെ ഹരജി കേൾക്കുന്നതിൽ നിന്ന് തന്റെ സഹ ജഡ്ജി ബേല എം ത്രിവേദി പിന്മാറിയിരുന്നതിനാൽ ഈ വിഷയവും കേൾക്കുന്നതിൽ നിന്ന് അവർ പിന്മാറാൻ ആഗ്രഹിക്കുന്നു"- ജസ്റ്റിസ് റസ്തോഗി പറഞ്ഞു. നേരത്തെ, കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു.
കുറ്റവാളികൾക്കുള്ള ഇളവ് ചോദ്യം ചെയ്ത് ഇര കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ അവരുടെ ഹരജി ഒരു പ്രധാന വിഷയമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് റസ്തോഗി പറഞ്ഞു. വ്യത്യസ്‌ത ജഡ്‌ജിമാർക്കൊപ്പം ബെഞ്ച് ഇരിക്കുമ്പോൾ ബാക്കിയുള്ള ഹരജികളും അവരുടെ അപേക്ഷയ്‌ക്കൊപ്പം ടാഗ് ചെയ്യുമെന്നും ജസ്റ്റിസ് റസ്‌തോഗി വ്യക്തമാക്കി.
"ഞങ്ങൾ എല്ലാ വിഷയവും അടുത്ത തീയതിയിലേക്ക് ലിസ്റ്റ് ചെയ്യുകയും എല്ലാ ഹരജികളും ടാഗ് ചെയ്യുകയും ചെയ്യും. അപ്പോഴേക്കും എല്ലാ ഹരജികളും പൂർത്തിയാക്കണം"- ബെഞ്ച് പറഞ്ഞു.
2022 ജൂൺ 28നാണ് 11 പ്രതികളെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11ന് കേന്ദ്രസർക്കാർ അനുമതി നൽകി. തുടർന്ന് പ്രതികളെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വിട്ടയച്ചു. ഇത് വ്യാപകമായ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടവച്ചിരുന്നു. ജയിലിൽ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നുവെന്നും അതിനാലാണ് മോചിപ്പിച്ചതെന്നുമായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം.
സംഘം ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽനിന്നു വിട്ടയയ്ക്കാൻ ഗുജറാത്ത് സർക്കാർ അടിസ്ഥാനമാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ബിൽക്കീസ് ബാനുവിന്റെ ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. പ്രതികളെ വിട്ടയ്ക്കണമോയെന്നു തീരുമാനിക്കാൻ ഗുജറാത്ത് സർക്കാരിനാണ് അധികാരമെന്ന് കഴിഞ്ഞ മേയിൽ പുറപ്പെടുവിച്ച വിധിയിൽ പിഴവില്ലെന്ന് പറഞ്ഞാണ് ജഡ്ജിമാരായ അജയ് രസ്തോഗിയും വിക്രം നാഥും ഹരജി തള്ളിയത്.
Adjust Story Font
16