'നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ല': അറസ്റ്റ് ചോദ്യംചെയ്തുള്ള സിസോദിയയുടെ ഹരജി സുപ്രിംകോടതി തള്ളി
ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നല്‍കി.
Manish Sisodia
ഡല്‍ഹി: അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഹരജി സുപ്രിംകോടതി തള്ളി. നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നു സുപ്രിംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നല്‍കി.
"ഹൈക്കോടതിയിൽ പോകൂ. ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു, പക്ഷേ ഈ ഘട്ടത്തിൽ കേൾക്കേണ്ട സാഹചര്യമില്ല"- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിക്കണമെന്ന ആവശ്യം മോശം കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് പി.എസ് നരസിംഹ വ്യക്തമാക്കി.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സിസോദിയയ്ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‍വി വാദിച്ചു. സിസോദിയ ഡല്‍ഹി സര്‍ക്കാരില്‍ 18 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിനോദ് ദുവ കേസ് പോലെ സിസോദിയയുടെ കേസും പരിഗണിക്കണമെന്ന് സിംഗ്‍വി വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച മാധ്യമപ്രവർത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് 2021 ജൂണിൽ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിനോദ് ദുവ കേസിന് സിസോദിയയുടെ കേസുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. ദുവയുടെ കേസ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെങ്കില്‍ സിസോദിയക്കെതിരെയുള്ളത് അഴിമതി ആരോപണമാണെന്ന് കോടതി നിരീക്ഷിച്ചു.
മദ്യനയ കേസില്‍ ഞായറാഴ്ചയാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. സിസോദിയ അഞ്ചു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിലാണ്. അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ സിസോദിയ ആണെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. രണ്ട് തവണയായി 19 മണിക്കൂറോളം ചോദ്യംചെയ്തിട്ടും സഹകരിച്ചില്ലെന്നും അതീവ രഹസ്യമായി ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
അറസ്റ്റിനുള്ള അധികാരം വിവേകത്തോടെ ഉപയോഗിക്കണമെന്ന് സിസോദിയയുടെ അഭിഭാഷകനായ ദയൻ കൃഷ്ണൻ വാദിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാവിന് നേരെയുള്ള ആക്രമണമാണിതെന്നും സി.ബി.ഐ കസ്റ്റഡിയിൽ വിടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സിസോദിയയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി എ.എ.പി ഇന്നലെ പ്രതിഷേധമുയർത്തി. ബി.ജെ.പി ആസ്ഥാനത്തേക്കുള്ള മാർച്ച് തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച ഡൽഹി പൊലീസ്, വന്‍ സുരക്ഷാ സന്നാഹമൊരുക്കി. ഇത് മറികടന്ന് എ.എ.പി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
Summary- The Supreme Court today told Delhi Deputy Chief Minister Manish Sisodia to go to the high court if he wants to challenge his arrest by the CBI in the Delhi liquor policy case
Adjust Story Font
16