'ഗുജറാത്ത് സർക്കാറിന് പ്രതികളെ വിട്ടയക്കാം'; ബിൽക്കീസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ സ്വാതന്ത്യദിനത്തിൽ വിട്ടയച്ചത്
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. കേസിന്റെ വിചാരണ മഹാരാഷ്ട്രയിലാണ് നടന്നതെങ്കിലും പ്രതികളുടെ വിടുതൽ അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സുപ്രിംകോടതി അസിസ്റ്റൻറ് രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയ്ക്ക് നൽകി. 2022 മേയിലെ വിധിക്കെതിരെയാണ് ബിൽക്കീസ് ബാനു ഹരജി നൽകിയിരുന്നത്. അന്ന് ജസ്റ്റിസ് അജയ് റസ്‌തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് ഗവൺമെന്റിന് പ്രതികളുടെ വിടുതൽ അപേക്ഷ പരിഗണിക്കാനുള്ള അധികാരം ഉണ്ടെന്ന് വിധിച്ചിരുന്നു.
നേരത്തെ കേസിന്റെ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയിരുന്നു. 2004-2006 കാലത്ത് ഗുജറാത്ത് സർക്കാരിൽ നിയമ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചിരുന്നു ഇവർ.
'ഹരജി ലിസ്റ്റ് ചെയ്യും, ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുത്'
ബിൽക്കിസ് ബാനു കേസ് നിരന്തരം പരാമർശിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രംഗത്ത് വന്നിരുന്നു. ഹരജി ലിസ്റ്റ് ചെയ്യുമെന്നും ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. ഹരജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി പിന്മാറിയതോടെ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ബിൽക്കിസ് ബാനുവിൻറെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിനോട് അപേക്ഷിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പ്രതികരിച്ചത്. 'ഹരജി ലിസ്റ്റ് ചെയ്യും. ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുത്. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു'- എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ സ്വാതന്ത്യദിനത്തിൽ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെയും കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗർഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.
Supreme Court rejected the review petition filed by Bilkis Banu against the release of the accused in the gang-rape case
Adjust Story Font
16