സ്വവർഗ വിവാഹം നിയമവിധേയമാക്കുമോ? സുപ്രിംകോടതി ഇന്ന് വിധി പറയും
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് പരമ്പരാഗത കുടുംബസങ്കല്പങ്ങൾക്ക് എതിരാണെന്ന് ഹരജിയെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹരജികളിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇക്കാര്യത്തില്‍ പത്തിലേറെ ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കുന്ന നിയമം 2018ൽ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ, സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കിയിരുന്നില്ല. സ്വത്തുകൈമാറ്റം, ബാങ്ക് അക്കൌണ്ടിൽ നോമിനിയെ നിശ്ചയിക്കൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം എന്നിവയിലൊന്നും സ്വാഭാവികമായും ഇവർക്ക് നിയമപരമായി അവകാശമില്ല. ഇതോടെയാണ് നിയമം മുഖേന, വിവാഹം സാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതരായ സ്വവർഗാനുരാഗികളും ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളും കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയ് മാസത്തിൽ പത്ത് ദിവസമാണ് സുപ്രിംകോടതി കേസിൽ വാദം കേട്ടത്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് പരമ്പരാഗത കുടുംബസങ്കല്പങ്ങൾക്ക് എതിരാണെന്ന് ഹരജിയെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ, ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കേന്ദ്ര സർക്കാർ ഒരു പ്രത്യേക സമിതിയും രൂപീകരിച്ചിരുന്നു.
കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് എസ്.വി ഭട്ട് ഈ മാസം 20ന് സുപ്രിംകോടതിയിൽനിന്നു വിരമിക്കാനിരിക്കെയാണ് വിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. വിധി ഹരജിക്കാർക്ക് അനുകൂലമായാൽ സ്വവർഗവിവാഹത്തിന് അനുമതി നൽകുന്ന 35-ാമത്തെ രാജ്യമായി ഇന്ത്യ മാറും.
Summary: Supreme Court to deliver verdict on legal validation of the same-sex marriage
Adjust Story Font
16