അഫ്‌സൽ ഖാൻ ദർഗ തകർക്കപ്പെടുമെന്ന് വാർത്ത; സംരക്ഷിക്കണമെന്ന ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും
1659 നവംബർ മുതൽ നിലവിലുള്ള ദർഗ ഇന്ന് തന്നെ തകർക്കപ്പെട്ടേക്കാമെന്നും അത് സംരക്ഷിക്കാൻ സുപ്രിംകോടതി നടപടി സ്വീകരിക്കണമെന്നും ഹസ്‌റത്ത് മുഹമ്മദ് അഫ്‌സൽ ഖാൻസ് മെമ്മോറിയൽ സൊസൈറ്റി
ന്യൂഡൽഹി:മഹാരാഷ്ട്ര സത്താരയിലെ അഫ്‌സൽ ഖാൻ ദർഗ തകർക്കപ്പെടുമെന്ന വാർത്തകൾ പ്രചരിച്ചിരിക്കെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. അഭിഭാഷകനായ നിസാം പാഷ വിഷയം ഉണർത്തിയതോടെയാണ് ഹരജി വെള്ളിയാഴ്ച കേൾക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹസ്‌റത്ത് മുഹമ്മദ് അഫ്‌സൽ ഖാൻസ് മെമ്മോറിയൽ സൊസൈറ്റിയാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്. സത്താരയിലെ പ്രതാപ്ഗഢിലുള്ള ദർഗ സംരക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇന്ന് രാവിലെ (10.11.2022) ദർഗ തകർക്കപ്പെടുമെന്ന് വ്യാപക പ്രചാരണമുണ്ടായതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.
'മഹാരാഷ്ട്ര സത്താരയിലെ അഫ്‌സൽ ഖാൻ ദർഗയ്ക്ക് ചുറ്റുമുള്ള അനധികൃത നിർമിതികൾ പൊളിച്ചുനീക്കുന്നതിന്റെ ലൈവ് കവറേജ് ഒരു പ്രാദേശിക ചാനൽ നിർവഹിച്ചിരുന്നു. ഇതിനിടെ ചിലർ കോണി വച്ച് ദർഗയ്ക്ക് മുകളിൽ കയറി അവ നശിപ്പിക്കാൻ ശ്രമിക്കുന്നതായി ലൈവ് വീഡിയോയിൽ കണ്ടിരുന്നു. അതിന്റെ് സ്‌ക്രീൻ ഷോട്ടും പ്രചരിച്ചിരുന്നു' ഹരജിയിൽ പറഞ്ഞു.
1659 നവംബർ മുതൽ നിലവിലുള്ള ദർഗ ഇന്ന് തന്നെ തകർക്കപ്പെട്ടേക്കാമെന്നും അത് സംരക്ഷിക്കാൻ സുപ്രിംകോടതി നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായി അഫ്‌സൽ ഖാൻ ദർഗയ്ക്ക് സമീപം കയ്യേറ്റ വിരുദ്ധ നടപടികൾ നടക്കുന്നതായി സതാര പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ബീജാപ്പൂർ സൽത്തനത്തിലെ ആദിൽ ഷാഹി രാജവംശത്തിന്റെ ജനറലായിരുന്നു അഫ്‌സൽ ഖാനെന്നും മുൻ വിജയ നഗര സാമ്രാജ്യം നിയന്ത്രിച്ചിരുന്ന നായക മേധാവികളെ കീഴടക്കി ബീജാപ്പൂരിന്റെ തെക്കൻ ഭാഗം വിപുലപ്പെടുത്തിയത് അദ്ദേഹമായിരുന്നുവെന്നും ഹരജിയിൽ പറഞ്ഞു. 1659 നവംബർ 20ന് ഛത്രപതി ശിവജിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു.
Supreme Court to hear plea seeking protection of Afzal Khan Dargah in Satara, Maharashtra
Adjust Story Font
16