എസ്.സി/എസ്.ടി വിഭാഗത്തിലെ അതി പിന്നാക്കാർക്കുള്ള ഉപസംവരണം സുപ്രിംകോടതി ശരിവച്ചു
ഉപസംവരണം ഏർപ്പെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.
ന്യൂഡൽഹി: എസ്.സി/എസ്.ടിക്കാരിലെ അതി പിന്നാക്കാർക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകുന്നതിന് സുപ്രിംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിർണായക വിധി. ഉപസംവരണം ഏർപ്പെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.
2004ലെ ഇ.വി ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. എസ്.സി/എസ്.ടിക്കാരിലെ അതി പിന്നാക്കാർക്കായി ഉപസംവരണം നൽകുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം. ത്രിവേദി ഭിന്ന വിധിയെഴുതി. നേരത്തെ സംവരണം നേടി ജോലി ലഭിച്ച ആളുടെ കുട്ടിയേയും അനുകൂല്യം നേടാത്ത ആളുടെ കുട്ടിയേയും ഒരുപോലെ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായി ചൂണ്ടിക്കാട്ടി. പട്ടിക ജാതി -പട്ടിക വർഗത്തിലെ ക്രീമിലയർ വിഭാഗത്തിന് ആനുകൂല്യം ഒഴിവാക്കണമെന്ന ആവശ്യവും ബെഞ്ച് മുന്നോട്ട് വച്ചു.
Adjust Story Font
16