രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ജഡ്ജി വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ
സൂറത്ത് ജില്ലാ-സെഷൻസ് കോടതിയിലെ എട്ടാമത്തെ ജഡ്ജാണ് റോബിൻ പോൾ മൊഗേര.
ന്യൂഡൽഹി: അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ തള്ളിയ സൂറത്ത് സെഷൻസ് കോടതി ജഡ്ജ് റോബൻ പോൾ മൊഗേര, തുളസീറാം പ്രജാപതി വ്യാജ ഏറ്റമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ. അമിത് ഷാ പ്രതിയായിരുന്ന 2006ലെ കേസിലെ അഭിഭാഷക സംഘത്തിലാണ് മൊഗേരയുണ്ടായിരുന്നത്. കേസിൽ സിബിഐ പ്രത്യേക കോടതിയിൽ നിരവധി തവണ മൊഗേര ഷാക്കു വേണ്ടി ഹാജരായിരുന്നു. കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു.
റോബിൻ മൊഗേര 2018 ജനുവരിയിലാണ് ജഡ്ജ് ആയി നിയമിതനായത് എന്ന് ദ വയർ റിപ്പോർട്ടു ചെയ്യുന്നു. സൂറത്ത് ജില്ലാ-സെഷൻസ് കോടതിയിലെ എട്ടാമത്തെ ജഡ്ജാണ് റോബിൻ പോൾ മൊഗേര.
പാർലമെന്റ് അംഗവും സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയുടെ നേതാവുമായ അപ്പീലുകാരൻ സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കേണ്ടിയിരുന്നെന്ന് അപ്പീല്‍ തള്ളിയ വിധിയിൽ പറയുന്നു. മോദി പരാമർശം പരാതിക്കാരനെ മാനസികമായി വേദനിപ്പിച്ചെന്നും 27 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
മജിസ്‌ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഏപ്രിൽ 13ന് ജഡ്ജ് മൊഗേര പ്രത്യേകം വാദം കേൾക്കുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിൽ മാപ്പു പറയാത്ത രാഹുൽ അഹങ്കാരിയാണ് എന്നും ശിക്ഷാവിധിക്ക് സ്റ്റേ നൽകരുത് എന്നും പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന വേളയിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നു തുളസീറാം പ്രജാപതിയുടേത്. മുംബൈയിലെ സിബിഐ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. വാദത്തിനിടെ സിബിഐ കോടതി അഭിഭാഷകനെ ശകാരിച്ചത് വാർത്തയായിരുന്നു.
എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു എന്ന പരാമർശത്തിലാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നത്. ഇതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകരായ ആർഎസ് ചീമ, കിരിത് പൻവാല, തറന്നും ചീമ എന്നിവരാണ് കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായത്.
2005ലെ സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ ഏക സാക്ഷിയായിരുന്ന തുളസീറാം പ്രജാപതി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലിന് പിന്നലെ സൂത്രധാരൻ എന്നാണ് അന്വേഷണ സംഘം അമിത് ഷായെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സിബിഐ കോടതി ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതിയും തള്ളിയിരുന്നു.
Adjust Story Font
16