ഗ്യാൻവാപി: സർവേ റിപ്പോർട്ട് പരസ്യമാക്കരുതെന്ന അപേക്ഷയിൽ ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്
കൃത്യമായ കാരണം പറയാതെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നാലാഴ്ചത്തേക്ക് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് നൽകിയ അപേക്ഷയിൽ വാരണസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്. കൃത്യമായ കാരണം പറയാതെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ജില്ലാ ജഡ്ജിയോട് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു.
ഇന്നലെ ആയിരുന്നു അപേക്ഷയിൽ അന്തിമ തീരുമാനം കോടതി എടുക്കേണ്ടിയിരുന്നത്. എന്നാൽ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജില്ല ജഡ്ജി വി.കെ വിശ്വേഷ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ മാത്രമെ ഇരുവിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാവുകയുള്ളു.
വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം പക്ഷത്തെ നിരവധി ഹരജികൾ ഡിസംബർ 19ന് അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. 1991ലെ ആരാധനാലയ നിയമം മതപരമായ സ്വഭാവം നിർണയിക്കുന്നില്ലെന്നും ഇരുപക്ഷവും കോടതിയിൽ സമർപ്പിക്കുന്ന തെളിവുകൾവെച്ചു മാത്രമേ ഇത് തീരുമാനിക്കാനാവൂ എന്നുമായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ വിധി.
ജൂലൈ 21ന് ജില്ലാ കോടതി വിധിയെ തുടർന്ന് കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി സമുച്ചയത്തിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. 17ാം നൂറ്റാണ്ടിലെ മസ്ജിദ് അതുവരെയും നിലനിന്ന ക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സർവേ.
Adjust Story Font
16