ജഡ്ജിക്ക് പ്രതിയുമായി ബന്ധം; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രിംകോടതിയിൽ
പ്രോസിക്യൂഷനോട് ജസ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത ഹരജിയിൽ പറയുന്നു.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത സുപ്രിംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് അതിജീവിത സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
കാരണം പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിൻ്റെ കൈയിൽ തെളിവുണ്ട്. പൊലീസിന് ലഭിച്ച ശബ്ദരേഖയിലാണ് ഇതിനു തെളിവുള്ളത്. പ്രോസിക്യൂഷനോട് ജസ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത ഹരജിയിൽ പറയുന്നു.
ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും നടി ആരോപിക്കുന്നു. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ തന്റെ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചെന്നും ഹരജിയില്‍ പറയുന്നു.
ഇതേ ആരോപണം നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലും അതിജീവിത ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹരജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി തള്ളിയത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നും തുടക്കം മുതൽ പരാതിക്കാരിക്ക് സംശയമാണെന്നും നിരീക്ഷിച്ചായിരുന്നു ഹരജി തള്ളിയത്. ഇതോടെയാണ് നടി സുപ്രിംകോടതിയെ സമീപിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയിലും ഇപ്പോൾ സുപ്രിംകോടതിയിലും ഹരജി നൽകിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Adjust Story Font
16