'കായികതാരങ്ങളുടെ നെഞ്ചിൽ കൈവച്ച ബ്രിജ് ഭൂഷണെ കണ്ടില്ലേ?' സ്മൃതി ഇറാനിയോട് സ്വാതി മലിവാൾ
'ബ്രിജ് ഭൂഷണിന്‍റെ ചെയ്തിയിൽ എന്തു കൊണ്ടാണ് ഇത്തരം ആക്രോശങ്ങളില്ലാത്തത്'
ന്യൂഡൽഹി: ഫ്‌ളയിങ് കിസ് വിവാദത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ച സ്മൃതി ഇറാനി, അത്‌ലറ്റുകളെ ലൈംഗികമായി ഉപദ്രവിച്ച സ്വന്തം പാർട്ടിയിലെ എംപി ബ്രിജ് ഭൂഷണെ കണ്ടില്ലേ എന്ന് അവർ ചോദിച്ചു. ട്വിറ്ററിലാണ് സ്വാതിയുടെ പ്രതികരണം.
'ഒരു ഫ്‌ളയിങ് കിസ്സാണ് ഇത്രമാത്രം തീ പടർത്തിയത്. രണ്ടു നിര പിന്നിൽ ബ്രിജ് ഭൂഷൺ എന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നില്ലേ. അത്‌ലറ്റുകളെ മുറിയിലേക്ക് വിളിച്ചു വരുത്തി നെഞ്ചിൽ കൈവച്ച് ലൈംഗികമായി ഉപദ്രവിച്ച ആളാണ് അയാൾ. അദ്ദേഹത്തിന്റെ ചെയ്തിയിൽ എന്തു കൊണ്ടാണ് ഇത്തരം ആക്രോശങ്ങളില്ലാത്തത് ' - സ്വാതി മലിവാൾ ചോദിച്ചു.
മെഡൽ ജേതാക്കൾ അടക്കം ആറ് അത്‌ലറ്റുകൾക്കെതിരെ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗിക അതിക്രമങ്ങൾ പരാമർശിച്ചാണ് സ്വാതിയുടെ ട്വീറ്റ്.
ബുധനാഴ്ച പാര്‍ലമെന്‍റില്‍ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ ഫ്‌ളൈയിങ് കിസ് ആരോപണം ഉന്നയിച്ചത്. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നാണ് അവർ ആരോപിച്ചത്.
ആരോപണത്തിൽ ബിജെപി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി ശോഭ കരന്ദ്ലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ കണ്ടത്.
മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ രാഹുലും സ്മൃതി ഇറാനിയും കൊമ്പുകോർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. 'ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങൾ ദേശദ്രോഹിയാണെന്ന്' രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
'നിങ്ങൾ ഭാരതമാതാവിന്റെ കാവൽക്കാരല്ല. കൊന്നു കളഞ്ഞവരാണ്. നിങ്ങൾ വഞ്ചകനും ദേശദ്രോഹിയുമാണ്. ദേശഭക്തനല്ല. മേഘ്നാഥിനെയും കുംഭകർണനയെും മാത്രം കേട്ട രാവണനെ പോലെയാണ് മോദി. അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ് പ്രധാനമന്ത്രി കേൾക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിന്റെ രാജ്യത്തിന്റെ ഭാഗമായല്ല കാണുന്നത്. ഞാൻ മണിപ്പൂർ സന്ദർശിച്ചു. പ്രധാനമന്ത്രി പോയില്ല.' - രാഹുൽ കുറ്റപ്പെടുത്തി.
ക്വിറ്റ് ഇന്ത്യ, കറപ്ഷൻ ക്വിറ്റ് ഇന്ത്യ എന്നു പറഞ്ഞാണ് സ്മൃതി ഇറാനി രാഹുലിന് മറുപടി പറഞ്ഞത്. 'നിങ്ങൾ ഇന്ത്യയല്ല. ഇന്ത്യ അഴിമതിയല്ല. ഇന്ത്യ അർഹതയിൽ വിശ്വസിക്കുന്നു. കുടുംബവാഴ്ചയിലല്ല. ക്വിറ്റ് ഇന്ത്യ എന്ന് ബ്രിട്ടീഷുകാരോട് ആളുകൾ പറഞ്ഞത് നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കണം. കറപ്ഷൻ ക്വിറ്റ് ഇന്ത്യ. ഡൈനാസ്റ്റി ക്വിറ്റ് ഇന്ത്യ' - അവർ പറഞ്ഞു.
Adjust Story Font
16