Quantcast

'രാഹുൽ ഗാന്ധിയെയും ഒപ്പം കൂട്ടൂ, രാജ്ഘട്ടിലെ യമുനയിൽ നിന്നും വെള്ളം കുടിക്കൂ'; കെജ്‍രിവാളിനോട് ഹരിയാന മുഖ്യമന്ത്രി

ബുധനാഴ്ച യമുനയിൽ നിന്നും വെള്ളം കുടിച്ച സെയ്‍നി ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2025 6:17 AM GMT

haryana cm-kejriwal
X

ചണ്ഡീഗഡ്: ഹരിയാന സര്‍ക്കാര്‍ യമുന നദിയിൽ വിഷം കലര്‍ത്തുന്നുവെന്ന ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി നായബ് സിങ് സെയ്‍നി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ രാജ്‍ഘട്ടിന് സമീപമുള്ള യമുന നദിയിൽ നിന്നും വെള്ളം കുടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കെജ്‍രിവാള്‍ ആരോപിച്ചത്.

ബുധനാഴ്ച യമുനയിൽ നിന്നും വെള്ളം കുടിച്ച സെയ്‍നി ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ''ഹരിയാന അതിർത്തിയിൽ യമുനയിൽ നിന്നുള്ള വെള്ളം കുടിച്ചു. അതിഷി വന്നില്ല. അവർ പുതിയ നുണകൾ മെനയുകയാകും. സത്യം എന്തായാലും പുറത്തുവരും. അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുടെ നുണകളൊന്നും ഫലിക്കാത്തത്. ഹരിയാനയുടെ നന്ദിയില്ലാത്ത മകനായ കെജ്‌രിവാളിനെ ഡൽഹിയിലെ ജനങ്ങൾ ശിക്ഷിക്കുമെന്നും '' സെയ്നി പറഞ്ഞു. തൻ്റെ സംസ്ഥാനത്ത് നിന്ന് ദേശീയ തലസ്ഥാനത്തേക്ക് വരുന്ന വെള്ളത്തിൽ വിഷം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാന ഡൽഹിക്ക് ശുദ്ധജലം നൽകുന്നുണ്ടെന്ന് വ്യാഴാഴ്ച പാനിപ്പത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സെയ്‍നി പറഞ്ഞു. ഹരിയാന-ഡൽഹി അതിർത്തിയിൽ ഡൽഹിയിലേക്ക് പ്രവേശിക്കുന്നിടത്ത് വെച്ചാണ് താൻ യമുന വെള്ളം കുടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ''രാഹുൽ ഗാന്ധിയെ ഒപ്പം കൂട്ടി രാജ്ഘട്ടിന് സമീപം യമുനയിൽ നിന്ന് വെള്ളം കുടിക്കാനും അവിടെ കുളിക്കാനും ഞാൻ കെജ്‌രിവാളിനെ ക്ഷണിക്കുന്നു'' സെയ്നി കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാൾ തൻ്റെ ആദ്യ തെരഞ്ഞെടുപ്പിൽ യമുന വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും ഇപ്പോൾ ഹരിയാനയെ കുറ്റപ്പെടുത്താൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം യമുനയിൽ വിഷം കലർത്തിയെന്ന പ്രസ്താവനയിൽ കെജ്‌രിവാൾ തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറി.കെജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവരും കമ്മീഷനെ കണ്ടു.വിവാദ പരാമര്‍ശത്തില്‍ കെജ്‍രിവാളിന് കോടതി സമന്‍സ് അയച്ചിരുന്നു. ഫെബ്രുവരി 17ന് ഹാജരാകണമെന്നാണ് ഹരിയാനയിലെ സോനിപത്തിലെ ഒരു കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് ഹാജരായില്ലെങ്കിൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്ന് കണക്കാക്കുകയും നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുമെന്നും സോനിപത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേഹ ഗോയല്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

അതിനിടെ കെജ്‍രിവാളിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. '' യമുനാ നദി ശുദ്ധീകരിക്കുമെന്നും അതില്‍ നിന്ന് വെള്ളം കുടിക്കുമെന്നും നേരത്തെ കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞു, യമുനാ നദിയിലെ വെള്ളം കുടിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ഇതാണ് കോൺഗ്രസും കെജ്‌രിവാളും തമ്മിലെ വ്യത്യാസം. കെജ്‌രിവാൾ എല്ലായ്പ്പോഴും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്''- രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story