സ്‌കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം ഏർപ്പെടുത്തിയതിനെ പരിഹസിച്ച് സംഘ്പരിവാർ അനുകൂല പത്രം; മറുപടിയുമായി സ്റ്റാലിൻ
കുട്ടികൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനാൽ സ്‌കൂളിലെ ശുചിമുറികളിൽ ഇനി വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് ദിനമലർ വാർത്തയിൽ പറയുന്നത്.
ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം ഏർപ്പെടുത്തിയതിനെ പരിഹസിച്ച് സംഘ്പരിവാർ അനുകൂലപത്രമായ ദിനമലർ. സ്‌കൂളുകളിലെ കക്കൂസുകൾ നിറഞ്ഞൊഴുകാൻ പദ്ധതി കാരണമാകുമെന്നാണ് പത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസും പത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
ദിനമലറിന്റെ സേലം, ഈറോഡ് ജില്ലാ എഡിഷനുകളിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 'പ്രഭാതഭക്ഷണ പദ്ധതി: വിദ്യാർഥികൾക്ക് രണ്ടു തവണ ഭക്ഷണം, സ്‌കൂളുകളിലെ കക്കൂസുകൾ നിറഞ്ഞൊഴുകുന്നു' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു വരുന്ന വിദ്യാർഥികൾക്കാണ് വീണ്ടും ഭക്ഷണം നൽകുന്നത്. ഇത് സ്‌കൂളുകളിലെ ശുചിമുറികളിൽ വലിയ തിരക്കിന് കാരണമാകുമെന്ന് വാർത്തയിൽ പറയുന്നു.
വാർത്തക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്തെത്തി. 'ഉഴുവാൻ ഒരു കൂട്ടർ, ഉണ്ടുകൊഴുക്കാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതി കാക്കുവാൻ വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന നിയമം തകർത്താണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാൻ വിടുന്ന ഈ കാലത്ത് സനാതന ധർമക്കാർ ഇങ്ങനെയൊരു തലക്കെട്ട് ഇട്ടുവെങ്കിൽ നൂറാണ്ടു മുമ്പിവർ ഏതെല്ലാം കളി കളിച്ചിട്ടുണ്ടാകണം? അന്ന് കീഴാളന്റെ നില എന്തായിരുന്നിരിക്കണം? ഇക്കൂട്ടരുടെ അക്രമം ഇന്നും തീർന്നിട്ടില്ല. ഞാൻ കഠിനമായി അപലപിക്കുന്നു'-സ്റ്റാലിൻ പറഞ്ഞു.
உழைக்க ஓர் இனம் - உண்டு கொழுக்க ஓர் இனம் என மனுவாதிகள் கோலோச்சிய காலத்தில் 'எல்லார்க்கும் எல்லாம்' எனச் #சமூகநீதி காக்க உருவானதுதான் திராவிடப் பேரியக்கம்.
— M.K.Stalin (@mkstalin) August 31, 2023
'சூத்திரனுக்கு எதைக் கொடுத்தாலும் கல்வியை மட்டும் கொடுத்து விடாதே' என்பதை நொறுக்கி, கல்விப்புரட்சியை உருவாக்கிய ஆட்சி… pic.twitter.com/M8H94rVn68
പത്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. ബി.ജെ.പിയുടെ മുഖപത്രമായാണ് ദിനമലർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
Terrible journalism! @BJP4TamilNadu 's mouthpiece as terrible as the party itself!
— Lakshmi Ramachandran (@laksr_tn) August 31, 2023
May the food you consume nourish your brain too, to rid you of your biases and ill-intentions @dinamalarweb
Condemn the third-rate journalism. pic.twitter.com/bXh637Ba8V
2022 സെപ്റ്റംബറിലാണ് 1,545 സർക്കാർ സ്‌കൂളുകളിലെ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. ഈ വർഷം ആഗസ്റ്റ് 25ന് പദ്ധതി 31,000 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 17 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 404 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
Adjust Story Font
16