Quantcast

'അദാനിയുമായി ഒരു ബന്ധവുമില്ല; ജെപിസി അന്വേഷണത്തിന് തയാറുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിൻ

കഴിഞ്ഞ ജൂലൈയിൽ ചെന്നൈ സന്ദർശനത്തിനിടെ അദാനി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ബിജെപി ഉള്‍പ്പെടുന്ന പ്രതിപക്ഷം ആരോപിച്ചത്

MediaOne Logo

Web Desk

  • Published:

    10 Dec 2024 9:59 AM GMT

അദാനിയുമായി ഒരു ബന്ധവുമില്ല; ജെപിസി അന്വേഷണത്തിന് തയാറുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിൻ
X

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അദാനി വിഷയത്തിൽ ബിജെപി സംയുക്ത പാർലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കൾ കച്ചി(പിഎംകെ) എംഎൽഎ ജി.കെ മണി നിയമസഭയിൽ ഉയർത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവർ പറയുന്ന വ്യവസായിയുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തിൽ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

അദാനിക്കെതിരെ യുഎസിൽ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്‌നാട് നിയമസഭയിൽ ഉയർത്തിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത് പാർലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചർച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്‌നാട് സ്പീക്കർ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിൽ നടത്തിയ സന്ദർശനത്തിനിടെ അദാനി സ്റ്റാലിൻ ഉൾപ്പെടെയുള്ള മുതിർന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ, സ്റ്റാലിൻ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തിൽ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സർക്കാർ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: I have never met Gautam Adani, have no ties with him: Tamil Nadu CM MK Stalin

TAGS :

Next Story