Quantcast

ശ്രീലങ്കന്‍ പൗരന്മാര്‍ അഭയം തേടി തമിഴ്നാട്ടിലേക്ക്; നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സ്റ്റാലിന്‍

അവശ്യവസ്തുക്കളുടെ ക്ഷാമവും തൊഴിലില്ലായ്മയും രൂക്ഷമായതോടെയാണ് ശ്രീലങ്കന്‍ പൗരന്മാര്‍ പലായനം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    24 March 2022 2:02 PM GMT

ശ്രീലങ്കന്‍ പൗരന്മാര്‍ അഭയം തേടി തമിഴ്നാട്ടിലേക്ക്; നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സ്റ്റാലിന്‍
X

ശ്രീലങ്കൻ പൗരന്മാര്‍ തമിഴ്നാട്ടിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം നിയമപരമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രശ്‌നം എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കന്‍ പൌരന്മാര്‍ പലായനം ചെയ്ത് തമിഴ്നാട്ടിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് സ്റ്റാലിന്‍റെ പ്രതികരണം. പ്രശ്നം നിയമപരമായി കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ലങ്കൻ തമിഴർക്ക് ഒരു പുതിയ പ്രഭാതം ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

അവശ്യവസ്തുക്കളുടെ ക്ഷാമവും തൊഴിലില്ലായ്മയും രൂക്ഷമായതോടെയാണ് ശ്രീലങ്കന്‍ പൌരന്മാര്‍ പലായനം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരാണ് ശ്രീലങ്കയില്‍ നിന്ന് കടല്‍ കടന്ന് രാമേശ്വരത്ത് എത്തിയത്. വിഷയം നിയമസഭയിൽ ഉന്നയിച്ച കോൺഗ്രസ് എംഎല്‍എ എസ് വിജയധരണി തമിഴ്‌നാട് സർക്കാരിന് ലങ്കന്‍ തമിഴരെ സഹായിക്കാന്‍ കഴിയുമോ എന്നു ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്ന് ശ്രീലങ്ക

അതിരൂക്ഷമാണ് ശ്രീലങ്കയിലെ സാഹചര്യം. വൈദ്യുതി, ഭക്ഷണം, പാചകവാതകം തുടങ്ങിയവ മുടങ്ങിയതിനാൽ പ്രതിഷേധവും ആളിപ്പടരുകയാണ്. ജനത്തെ നിയന്ത്രിക്കാൻ പെട്രോൾ പമ്പുകളിലടക്കം സൈന്യത്തെ വിന്യസിച്ചുകഴിഞ്ഞു. കൊളംബോയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ജനം റോഡുകൾ തടഞ്ഞിരുന്നു. ഇതിനിടെ പലായനവും തുടങ്ങി. മനുഷ്യക്കടത്ത് സംഘങ്ങൾക്ക് പണം നൽകിയാണ് പലരും കടൽ കടക്കുന്നത്.

ബോട്ടില്‍ രാമേശ്വരത്തെത്താന്‍ 50,000 രൂപ നല്‍കിയെന്ന് ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത ഗജേന്ദ്രനും സംഘവും പറയുന്നു. അടുത്ത ദിവസങ്ങളിലും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 1980കളിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് ശ്രീലങ്കയില്‍ നിന്ന് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടായത്.

പേപ്പര്‍ ക്ഷാമം കാരണം ശ്രീലങ്കയിലെ എല്ലാ പരീക്ഷകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. വിദേശനാണ്യത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സായ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല, കോവിഡ് മഹാമാരിയുടെ കാലത്ത് തകര്‍ന്നടിഞ്ഞിരുന്നു. 2019ലെ ഈസ്റ്ററിനിടെ കൊളംബോയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വന്‍തോതില്‍ കടമെടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.

പഞ്ചസാര, പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങി അവശ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. കടബാധ്യതാ തിരിച്ചടവ് പുനക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ഥന ചൈന അംഗീകരിച്ചില്ല. ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു ഇന്ത്യയുടെ സഹായ വാഗ്ദാനം. മാര്‍ച്ച് 17നായിരുന്നു ഇത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു. പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞു.

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വകക്ഷി യോഗത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ പറഞ്ഞു. യോഗം രാഷ്ട്രീയലക്ഷ്യം വെച്ചാണെന്ന ആരോപണം ഗോതബായ തള്ളി. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്ന് ഓർമപ്പെടുത്തി. പ്രതിപക്ഷ പാർട്ടികൾ യോഗം ബഹിഷ്കരിച്ചു.

TAGS :

Next Story