എയർ ഇന്ത്യക്ക് 'ഹോം കമിങ്'; കമ്പനി ടാറ്റ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ
1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്കെന്ന് റിപ്പോർട്ട്. മൂക്കറ്റം കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ വാങ്ങാനുള്ള ടാറ്റയുടെ തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കുകയായിരുന്നു. ഇതുവരെ വാഗ്ദാനം ചെയ്തതിൽ കൂടുതൽ തുക ടെൻഡർ നൽകിയത് ടാറ്റയാണ്. കൈമാറ്റകാര്യത്തില്‍ അമിത് ഷാ അധ്യക്ഷനായ സമിതി ഉടൻ തീരുമാനമെടുക്കും. ടെണ്ടർ നടപടികൾ അംഗീകരിച്ചാൽ മാസങ്ങള്‍ക്കകം എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയേക്കും.
എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കുന്നതോടെ, 67 വർഷങ്ങൾക്കു ശേഷം വിമാന കമ്പനിയുടെ 'ഹോം കമിങ്' ആയിരിക്കും ഇത്. 1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആർ.ഡി ടാറ്റ തന്നെയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.
TATA Sons has won the bid for national carrier #AirIndia.
— 𝐒𝐮𝐜𝐡𝐢𝐭𝐡𝐫𝐚 𝐒𝐞𝐞𝐭𝐡𝐚𝐫𝐚𝐦𝐚𝐧 (@suchisoundlover) October 1, 2021
This marks the return of AirIndia to TATA fold after 67 years! pic.twitter.com/u5V2fqctDD
കടക്കെണിയിലായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2018 ൽ ആദ്യമായി എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റ താൽപര്യം പ്രകടിപ്പിച്ചിരിന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്.
100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര - എയർ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിൻവാങ്ങിയത്. ഇപ്പോൾ പൂർണ്ണമായും സ്വകാര്യവത്കരണത്തിലേക്ക് കടന്നതോടെയാണ് ടാറ്റ വീണ്ടും താത്പര്യം പ്രകടിപ്പിച്ചത്. രണ്ട് ടെണ്ടറുകളാണ് കേന്ദ്രസർക്കാരിന് മുന്നിൽ എത്തിയിരുന്നത്. ടാറ്റായും സ്‌പൈസ് ജെറ്റുമായിരുന്നു എയർ ഇന്ത്യ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം രണ്ട് ടെണ്ടറുകളും ഓപ്പൺ ചെയ്തതായാണ് സൂചന. ടെണ്ടറിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ടാറ്റാ ഗ്രൂപ്പ് ആണെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ 3000 കോടി രൂപ അധികം ടാറ്റാ ടെണ്ടറിൽ വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. ഇക്കാര്യത്തിൽ അമിത് ഷാ അധ്യക്ഷനായ സമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. ടെണ്ടർ നടപടികൾ അംഗീകരിച്ചാൽ നാല് മാസത്തിനകം എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറും.
ഭീമമായ കടക്കെണിയിൽ പെട്ട എയർ ഇന്ത്യ, സർക്കാരിന് പ്രതിദിനം 20 കോടി രൂപ നഷ്ടം വരുത്തുന്നതായാണ് കണക്ക്. എയർ ഇന്ത്യയോടൊപ്പം കമ്പനിയുടെ 23,000 കോടി രൂപയുടെ കടവും കൂടിയാണ് ടാറ്റ ഏറ്റെടുക്കേണ്ടി വരിക.
Adjust Story Font
16