ഗുജറാത്തിൽ 13,000 കോടി രൂപയുടെ ഇവി ബാറ്ററി പ്ലാന്റ് നിർമിക്കാൻ ടാറ്റ
ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വാദം
ഡൽഹി: ഗുജറാത്തിൽ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലിഥിയം-അയൺ ബാറ്ററികൾ നിർമിക്കാനുള്ള ഫാക്ടറി തുടങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഏകദേശം 13,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപമാണ് നടത്തുക.
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ അഗരതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. 20 ജിഗാവാട്ട് മണിക്കൂർ ഉൽപ്പാദന ശേഷിയുള്ള ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റാണ് സ്ഥാപിക്കുക. കമ്പനിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത സംസ്ഥാന സർക്കാർ രേഖ പ്രകാരം ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും.
2070-ഓടെ രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ഊർജം പകരുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ബാറ്ററി പ്ലാന്റ് എന്നാണ് വാദം. ടാറ്റ പ്ലാന്റ് ഗുജറാത്തിനെ ലിഥിയം ബാറ്ററി നിർമ്മാണത്തിൽ മുന്നിലെത്തിക്കുമെന്നും സംസ്ഥാനത്ത് ഉൽപ്പാദന ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിന് ഗ്രൂപ്പിന് സഹായം ലഭിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു
Adjust Story Font
16