ഇനി കുടിക്കാം സ്‌ട്രോങ് 'സെലൻസ്‌കി ടീ'; യുക്രൈൻ പ്രസിഡന്റിന് ആദരമായി അസം ചായപ്പൊടി
ഇന്ത്യയിൽനിന്ന് വലിയ തോതിൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുക്രൈൻ
യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിക്ക് ആദരമായി പുതിയ ചായപ്പൊടി പുറത്തിറക്കി അസം ചായ കമ്പനി. അസമിലെ പ്രമുഖ ചായപ്പൊടി നിർമാതാക്കളായ അരോമിക്ക ടീയാണ് 'സെലൻസ്‌കി' എന്ന പേരിൽ പുതിയ ചായപ്പൊടി അവതരിപ്പിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തെ ഒറ്റയ്ക്ക് നേരിടാൻ സെലന്‍സ്കി കാണിച്ച ധീരതയ്ക്കുള്ള ആദരമായാണ് ഇങ്ങനെയൊരു നടപടിയെന്ന് അരോമിക്ക ഡയരക്ടർ രഞ്ജിത് ബറുവ പറഞ്ഞു.
യുദ്ധം നടക്കുന്ന ഭൂമിയിൽനിന്ന് രക്ഷപ്പെടാനുള്ള യു.എസ് സഹായവാഗ്ദാനം നിരസിച്ച യുക്രൈൻ പ്രസിഡന്റിന്റെ ധീരതയെ ആദരിക്കുകയായിരുന്നു ആദ്യം ആലോലിച്ചത്. താനിപ്പോൾ എങ്ങോട്ടുമില്ലെന്നും ആയുധങ്ങളാണ് തനിക്കു വേണ്ടതുമെന്നാണ് സെലൻസ്‌കി അമേരിക്കയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് അത് കാണിക്കുന്നത്- ബറുവ പറഞ്ഞു.
വിജയം അടുത്തെങ്ങുമില്ലെന്ന് ഉറപ്പായിട്ടും അദ്ദേഹം പോരാട്ടം തുടരുകയാണെന്ന് രഞ്ജിത് ബറുവ കൂട്ടിച്ചേർത്തു. അസം ചായയും സെലൻസ്‌കിയുടെ വ്യക്തിത്വവും ധീരതയും തമ്മിലുള്ള ഒരു താരതമ്യത്തിനുള്ള ശ്രമമാണ് പുതിയ ചായപ്പൊടി അവതരിപ്പിച്ചതിലൂടെ തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. പുതിയ ചായപ്പൊടി ഉടൻതന്നെ ഓൺലൈനിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Like the strong Assam tea, Zelenskyy also symbolises strength in today's context. #Assamtea #zelensky #Ukraine pic.twitter.com/Q2rbX0WdHA
— roopakgoswami (@roopak1966) March 15, 2022
പുതിയ ചായപ്പൊടിയെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. വീര്യമുള്ള അസം ചായപ്പൊടിയെപ്പോലെ പുതിയ കാലത്തെ ശക്തിയുടെ പ്രതീകമാണ് സെലൻസ്‌കിയെന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തത്.
ഇന്ത്യയിൽനിന്ന് വലിയ തോതിൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുക്രൈൻ. 1.73 മില്യൻ കി.ഗ്രാം ചായപ്പൊടിയാണ് ഈ വർഷം മാത്രം യുക്രൈൻ ഇന്ത്യയിൽനിന്ന് വാങ്ങിയത്. യുക്രൈനിലെ റഷ്യൻ ആക്രമണം ചായപ്പൊടി ബിസിനസിനെയും ബാധിക്കുമെന്ന ആശങ്കയുമായി അസമിലെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു.
Summary: Aromica Tea, an Assam-based startup, has launched a CTC tea named after Ukraine President Volodymyr Zelensky to "honour his valour and courage" in the face of Russian invasion
Adjust Story Font
16