ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം; 14കാരന് ദാരുണാന്ത്യം
കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വാഹനാപകടത്തിൽ മോഹിതിന്റെ അച്ഛൻ മരിച്ചിരുന്നു
ലഖ്‌നൗ: ഹൃദയാഘാതം മൂലം 14കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്‌കൂളിലെ ഓട്ടമത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലുള്ള ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം രണ്ട് റൗണ്ട് ഓടിയതിന് ശേഷം കുട്ടി കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹിത് മരിച്ചതായാണ് അധികൃതർ അറിയിച്ചത്. ഡിസംബർ 7ലേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു മോഹിത്. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വാഹനാപകടത്തിൽ മോഹിതിന്റെ അച്ഛൻ മരിച്ചിരുന്നു. ആ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം മോചിതരാകും മുമ്പേയാണ് മോഹിതിന്റെ വിയോഗം.
അലിഗഢിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. അരാന ഗ്രാമത്തിൽ നിന്നുള്ള 20കാരിയാണ് ഇതിൽ ഒടുവിലത്തേത്. ഓട്ടമത്സരത്തിൽ പങ്കെടുക്കവേ ആയിരുന്നു ഇതും. ലോധി നഗറിൽ ഒരു എട്ട് വയസുകാരിയും ലഖ്‌നൗവിൽ 9കാരിയും അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
Adjust Story Font
16