ജോലിക്ക് പകരം ഭൂമി; തട്ടിപ്പ് കേസിൽ തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായി
തേജസ്വി യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡൽഹി ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു
ഡൽഹി: ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് ഇന്ന് ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് ഹാജരായി(സിബിഐ) മുന്നിൽ ഹാജരായി. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് പലതവണ സിബിഐ നോട്ടീസ് നൽകിയെങ്കിലും തേജസ്വി യാദവ് തയ്യാറായിരുന്നില്ല. രാവിലെ പത്തരയോടെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയ തേജസ്വി യാദവിനെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്വേഷണസംഘം ഓഫീസിലേക്ക് കൊണ്ടുപോയി.
തേജസ്വി യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡൽഹി ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് മാർച്ച് 25ന് ഹാജരാകാമെന്ന് തേജസ്വി യാദവ് അറിയിച്ചത്.ബിഹാർ അസംബ്ലി സമ്മേളനം ഏപ്രിൽ 5 ന് അവസാനിക്കാനിരിക്കെ, ഹാജരാകാൻ കുറച്ച് സമയം വേണമെന്ന് സിബിഐയെ തേജസ്വി യാദവ് അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മനീന്ദർ സിങ് പറയുന്നു. മാർച്ച് 25ന് രാവിലെ 10.30ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ യാദവ് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ശനിയാഴ്ചകളിൽ നിയമസഭ ചേരുന്നില്ലെന്നും യാദവിന് തന്റെ സൗകര്യമനുസരിച്ച് മാർച്ചിലെ ഏത് ശനിയാഴ്ചയും ഏജൻസിക്ക് മുന്നിൽ ഹാജരാകാമെന്നും സിബിഐയുടെ അഭിഭാഷകൻ ഡിപി സിങ്ങും കോടതിയെ അറിയിച്ചു. തുടർന്നാണ് തേജസ്വി യാദവ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരായത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് പകരം ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെ പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. മാർച്ച് 15 ന് കേസിൽ തേജസ്വി യാദവിന്റെ പിതാവ് ലാലു പ്രസാദ്, അമ്മ റാബ്‌റി ദേവി - ബീഹാർ മുൻ മുഖ്യമന്ത്രിമാർ - സഹോദരി മിസാ ഭാരതി എന്നിവർക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Adjust Story Font
16