മലയാളി മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുകൾക്കുമെതിരെ യു.എ.പി.എ ചുമത്തി തെലങ്കാന പൊലീസ്
മുതിർന്ന മാധ്യമപ്രവർത്തകനും 'മലബാർ ജേർണൽ' എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കമുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തിയതായി 'ഈനാട്' പത്രമാണ് റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട്: മലയാളി മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ തെലങ്കാന പൊലീസ് യു.എ.പി.എ കേസ് ചുമത്തിയതായി 'ഈനാട്' പത്രം റിപ്പോർട്ട് ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകനും 'മലബാർ ജേർണൽ' എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികളെ കേസിൽ ഉൾപ്പെടുത്തിയതായാണ് വാർത്ത. മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്), മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് പ്രതിപ്പട്ടികയിലുളള മലയാളികൾ.
സെപ്റ്റംബർ 15ന് സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് 23 പേർക്കെതിരെ പുതിയ യു.എ.പി.എ കേസ് ചുമത്തിയതെന്ന് സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
യു.എ.പി.എയുടെ സെക്ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷൻ 25 പ്രകാരവുമാണ് കേസ്. കേസിൽ ‘ഉയർന്ന മാവോയിസ്റ്റ് നേതാക്കൾ’ എന്ന വിഭാഗത്തിൽ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്ൺ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് കെ. മുരളിയുടെ പേരുള്ളത്. ‘മറ്റ് നേതാക്കൾ’ എന്ന വിഭാഗത്തിലാണ് സേതുനാഥിന്റെ ഉൾപ്പടെയുള്ള പേരുകളുള്ളത്. ബഹുജന സംഘടനകളയുടെ നേതാക്കൾ എന്ന് വിശേഷിപ്പിച്ച് തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ട്.
'ഈനാട്' വാർത്ത പങ്കുെവച്ച്, തന്റെ പേര് യു.എ.പി.എ കേസിൽ വന്നതിനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ എൻ. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് വിവരം പലരുമറിഞ്ഞത്.
സാംസ്കാരിക സംഘടനയായ ‘വിരാസം ’നേതാവ് എന്ന നിലക്കാണ് വേണുഗോപാലിനെ കേസിൽ പ്രതിയാക്കിയത്. എന്നാൽ 14 വർഷം മുമ്പ് ‘വിരാസം’ വിട്ട തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് വേണുഗോപാൽ പറഞ്ഞു. മുമ്പ് രണ്ട് തവണ യു.എ.പി.എ കേസ് തനിക്കെതിരെ ചുമത്താൻ തെലങ്കാന പൊലീസ് ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാൽ ഫേസ്ബുക്കിൽ പറഞ്ഞു.
ആരോ യോഗം ചേർന്ന് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നവരെ അർബൻ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്താൻ തീരുമാനിച്ചു എന്നാണ് ആരോപണമെന്നും, തങ്ങൾ പങ്കെടുത്ത യോഗമല്ല, അതിന്റെ തീരുമാനം ആരെങ്കിലും അംഗീകരിച്ചിട്ടുമില്ലെന്നും കെ. മുരളി പ്രതികരിച്ചു.
Adjust Story Font
16