Quantcast

എലി കടിച്ചു, വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്

തെലങ്കാനയിലെ ഹോസ്റ്റലിൽ വെച്ച് മുൻപും കുട്ടിക്ക് എലിയുടെ കടിയേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Dec 2024 9:52 AM GMT

എലി കടിച്ചു, വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്
X

ഹൈദരാബാദ്: തെലങ്കാനയിൽ എലി കടിച്ചതിനെ തുടർന്ന് വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡെമിലെ ബിസി വെൽഫെയർ ഹോസ്റ്റലിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിക്കാണ്‌ ദുരവസ്ഥ. ആന്റി റാബിസ് വാക്‌സിൻ ഓവർ ഡോസായതാണ് പെൺകുട്ടിയുടെ അവസ്ഥക്ക് കാരണമെന്നാണ് റിപ്പോർട്ട്.

രഘുനടപാലം മണ്ഡലത്തിലെ സർക്കാർ പിന്നാക്ക വിഭാഗ ഗേൾസ് റസിഡൻഷ്യൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ സമുദ്ര ലക്ഷ്‌മി ഭവാനി കീർത്തിക്ക് മുൻപും എലിയുടെ കടിയേറ്റിട്ടുണ്ട്. ഹോസ്റ്റലിൽ വെച്ചുതന്നെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അന്നും പേവിഷ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഞായറാഴ്‌ച രാത്രി വീണ്ടും കടിയേറ്റതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കീർത്തിയെ വിദഗ്‌ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നതിനിടെ പെൺകുട്ടിയുടെ കൈകൾക്കും കാലിനും തളർച്ച അനുഭവപ്പെടുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ഹോസ്റ്റലിലെ വൃത്തിയില്ലായ്‌മ തന്നെയാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് ഹരീഷ് റാവുവും വിമർശനവുമായി രംഗത്തെത്തി.വിദ്യാർഥികളുടെ ദുരവസ്ഥക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ വീഴ്‌ചയാണെന്ന് റാവു ആരോപിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി ഭരണത്തിന് കീഴിൽ വിദ്യാർത്ഥികൾ കഷ്‌ടപ്പെടുകയാണെന്നും അദ്ദേഹം എക്‌സ്‌ പോസ്റ്റിൽ കുറിച്ചു.

കുട്ടിക്ക് വാക്‌സിൻ ഓവർ ഡോസ് ആയതിൽ ആരോഗ്യപ്രവർത്തകരും വിമർശനങ്ങൾ നേരിടുന്നുണ്ട്. അതേസമയം,സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ കലക്ടർ മുസമ്മിൽ ഖാൻ ഉത്തരവിട്ടു. കുട്ടിയെ എലി കടിച്ച സംഭവം അന്വേഷിക്കാനും ഹോസ്റ്റലുകളിൽ പരിശോധന നടത്താനും ഉത്തരവിൽ പറയുന്നു. ചികിത്സാ പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും.

തെലങ്കാനയിലെ ഹോസ്റ്റലുകളിലെ കർശനമായ മേൽനോട്ടം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ കൂടുതൽ ഗൗരവത്തോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

TAGS :

Next Story