Quantcast

രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കാൻ ആവശ്യവുമായി ബി.ജെ.പി എം.പിയുടെ നോട്ടിസ്

ഫെബ്രുവരി ആറിന് ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്

MediaOne Logo

Web Desk

  • Published:

    10 March 2023 3:03 PM GMT

RahulGandhiParliamentmembership, demandtoterminateRahulGandhiLokSabhamembership,  RahulGandhi, NishikantDubey
X

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. ജാർഖണ്ഡിൽനിന്നുള്ള ലോക്‌സഭാ അംഗമായ നിഷികാന്ത് ദുബെ ആണ് ബി.ജെ.പി എം.പി സുനിൽ സിങ് അധ്യക്ഷനായ പാർലമെന്റ് പ്രിവിലേജ് സമിതിക്ക് നോട്ടിസ് നൽകിയത്.

ഫെബ്രുവരി ആറിന് ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് നിഷികാന്ത് സമിതിയെ സമീപിച്ചത്. പ്രസംഗത്തിലെ 18-ഓളം പരാമർശങ്ങൾ ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ ആവശ്യപ്രകാരം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തിരുന്നു.

എന്നാൽ, സ്പീക്കറുടെ ഉത്തരവ് ലംഘിച്ച് വിവാദ പരാമർശങ്ങൾ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്‌തെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സ്പീക്കറുടെ അധികാരത്തോട് നേരിട്ടുള്ള വെല്ലുവിളിയാണിതെന്നും നിഷികാന്ത് ആരോപിച്ചു. 1976ൽ സുബ്രമണ്യൻ സ്വാമിയെ രാജ്യസഭയിൽനിന്ന് പുറത്താക്കിയ സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിഷികാന്ത് ദുബെയുടെ നോട്ടിസിന് നേരത്തെ രാഹുൽ ഗാന്ധി വിശദമായ മറുപടി നൽകിയിരുന്നു. പാർലമെന്റിനകത്തും അഭിപ്രായ സ്വാതന്ത്ര്യം ഏറെ പ്രധാനമാണെന്ന് മറുപടിയിൽ രാഹുൽ സൂചിപ്പിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പറ്റില്ലെങ്കിൽ നമ്മെ ജനാധിപത്യമാണെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിശദീകരണം അറിയാൻ പാർലമെന്ററി സമിതി വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

Summary: BJP MP Nishikant Dubey seeks termination of Rahul Gandhi's membership from Lok Sabha while deposing before a parliamentary panel over his privilege notice

TAGS :

Next Story