അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി; എൻ.സി.ഇ.ആർ.ടിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
'എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ല'
ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി എഴുതിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ഭരണഘടനയെ എൻ.സി.ഇ.ആർ.ടി ആക്രമിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും അടിസ്ഥാന വിവരങ്ങളും പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്തതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം.
ബാബറി മസ്ജിദിൻ്റെ പേര് പോലും പരാമർശിക്കാതെ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പുറത്തിറക്കിയതിൽ പ്രതിപക്ഷം നിശിത വിമർശനമാണ് ഉന്നയിക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം പാഠപുസ്തകം നിർമിക്കുകയാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ല. എൻ.സി.ഇ.ആർ.ടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷൻ റിസർച് ആൻഡ് ട്രെയ്നിങ് എന്നാണ്. അല്ലാതെ നാഗ്‌പൂറോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യുക്കേഷൻ റിസർച് ആൻഡ് ട്രെയ്നിങ് അല്ലെന്നും ജയറാം രമേശ് പറഞ്ഞു.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത വീഴ്ച വരുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിനെ സുപ്രിംകോടതി ശിക്ഷി ച്ചതടക്കം വിവരങ്ങൾ നീക്കം ചെയ്താണ് പുതിയ പാഠപുസ്തകം വിദ്യാർഥികളുടെ മുന്നിലെത്തിയത്. ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ച് വിശദമായി പരാമർശിക്കാതെ രാമക്ഷേത്ര നിർമാണവും അതിന് വഴിയൊരുക്കിയ സുപ്രിംകോടതി വിധികക്കുമാണ് ഊന്നൽ നൽകിയത്.
പഴയ പാഠപുസ്തകത്തിൽ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ബാബരി മസ്ജിദ് എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ആഴ്ച ഇറങ്ങിയ പുതിയ പുസ്തകത്തിൽ 1528ൽ രാമജന്മഭൂമിയിൽ നിർമിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Adjust Story Font
16