ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നാല് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കി
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് സാധ്യമായ എല്ലാ ചികിത്സാ സഹായവും നൽകുമെന്ന് പ്രതിരോധമന്ത്രാലയം.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉള്‍പ്പടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം തുടരുന്നു. എയർമാർഷൽ മാനവേന്ദ്രസിങിന്റെ നേതൃത്വത്തിൽ ഇന്ന് അപകടം നടന്ന കൂനൂരിൽ പരിശോധന നടത്തി. അപകടത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം ഡി.എൻ.എ പരിശോധനക്ക് ശേഷം കുടുംബത്തിന് വിട്ട് നൽകി
എയർമാർഷൽ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയച്ചു. ഡാറ്റാ റെക്കോർഡറിന്റെ വിവരങ്ങൾ കൂടി ലഭിച്ചാൽ ഒരാഴ്ചക്കുള്ളിൽ അപകടത്തിന്റെ റിപ്പോർട്ട് വ്യോമസേന പ്രതിരോധമന്ത്രാലയത്തിന് കൈമാറും.
അപകടത്തിൽ മരിച്ച നാല് സൈനികരുടെ കൂടി മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ലഫ്റ്റനൻഡ് കേണൽ ഹർജീന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ഹവിൽദാർ സത്പാൽ എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വരുൺ സിങ് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധ്യമായ എല്ലാ ചികിത്സാ സഹായം നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിനെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് സ്വർണിം വിജയ് പർവ് ദിവസ് ആഘോഷത്തിനിടെ രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. വിജയ് ദിവസിൽ സൈനികർക്ക് ആശംസ അർപ്പിച്ചുള്ള ജനറൽ ബിപിൻ റാവത്തിന്റെ നേരത്തെ റെക്കോർഡ് ചെയ്ത വീഡിയോയും ചടങ്ങിനിടെ പ്രദർശിപ്പിച്ചു.
Adjust Story Font
16