സംഭൽ ശാഹി മസ്ജിദിലെ കിണർ പിടിച്ചെടുത്ത് ജില്ലാ ഭരണകൂടം; വക്കീൽ നോട്ടീസയച്ച് മസ്ജിദ് കമ്മിറ്റി
സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി
ലഖ്നൗ: സംഭൽ ശാഹി മസ്ജിദിനെതിരെ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം. മസ്ജിദിലെ പുരാതന കിണർ പിടിച്ചെടുത്തു. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേർന്ന കിണറാണ് മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്.
വിശ്വാസികൾ പ്രാർത്ഥനയ്ക്കായി അംഗശുദ്ധി വരുത്തിയിരുന്നത് ഈ കിണറിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കിണറിൽ ജില്ലാ ഭരണകൂടം മോട്ടർ സ്ഥാപിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തു. സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കിണറിൽ പൊലീസ് പരിശോധന നടത്തിയേക്കും.
അതേസമയം, അധികൃതരുടെ നീക്കത്തെ എതിർത്ത് ജില്ലാ കലക്ടർക്ക് മസ്ജിദ് കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു. തലമുറകളായി മസ്ജിദ് പരിസരത്തിെൻറ അവിഭാജ്യ ഘടകമാണ് കിണർ എന്നും അത് പിടിച്ചെടുക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, തനിക്ക് ഇതുവരെ മസ്ജിദ് കമ്മിറ്റിയുടെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പറഞ്ഞു. കമ്മിറ്റിയുടെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ആരാണ് അവർ? ഈ കമ്മിറ്റി രജിസ്റ്റർ ചെയ്തതാണോ?’ എന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റിെൻറ ചോദ്യം.
സംഭൽ ശാഹി മസ്‍ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രിംകോടതി നിർദേശം നൽകി. എന്നാൽ, ഈ നിർദേശങ്ങൾ ലംഘിച്ച് സംഭലിൽ അധികൃതർ നടപടി തുടരുകയാണ്.
കഴിഞ്ഞ നവംബർ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സർവേ നടപടികളിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16