മകൾക്ക് കറുപ്പ് നിറം; 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നൽകി കൊന്നു
കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും ബന്ധുക്കളും ശ്രാവണിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു
വിജയവാഡ: ആന്ധ്ര പ്രദേശിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നൽകി കൊലപ്പെടുത്തി. മകൾക്ക് കറുപ്പ് നിറമായതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ കാരേംപുടി പൊലീസ് കേസെടുത്തു.
പെറ്റസനേഗണ്ട്ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകൾ അക്ഷയക്ക് ഇയാൾ വിഷം കലർത്തിയ പ്രസാദം നൽകുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാൻ ഭാര്യ ശ്രാവണിയെ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും ബന്ധുക്കളും ശ്രാവണിയെ നിരന്തരം മർദിക്കാറുണ്ടെന്ന് എസ്.ഐ രാമാഞ്ജനേയുലു പറഞ്ഞു. കൂടാതെ മകളോടൊപ്പം ഇടപഴകാൻ പലപ്പോഴും സമ്മതിക്കാറില്ലായിരുന്നു.
മാർച്ച് 31നാണ് കുഞ്ഞിനെ അബോധാവസ്ഥയിലും മൂക്കിൽനിന്ന് രക്തം വരുന്ന നിലയിലും ശ്രാവണി കണ്ടെത്തിയത്. ഉടൻ കരേംപുടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അക്ഷയയുടെ മരണകാരണത്തെക്കുറിച്ച് ബന്ധുക്കളോട് കള്ളം പറയണമെന്ന് മഹേഷ് ശ്രാവണിയോട് നിർബന്ധിച്ചു. വിശദ അന്വേഷണത്തിന് ഇടം നൽകാതെ കുഞ്ഞിന്റെ മൃതദേഹം പെട്ടെന്ന് സംസ്കരിക്കുകയും ചെയ്തു.
എന്നാൽ, ശ്രാവണിയുടെ മാതാവിന് സംശയം തോന്നുകയും പഞ്ചായത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ശ്രാവണി പീഡനവിവരം ബന്ധുക്കളോട് വെളിപ്പെടുത്തുകയും ലോക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മഹേഷ് നേരത്തെ അക്ഷയയെ ചുമരിലേക്ക് എറിഞ്ഞും മുറിയിൽ പൂട്ടിയിട്ടും വെള്ളക്കുഴലിൽ മുക്കിയും കൊല്ലാൻ ശ്രമിച്ചിരുന്നതായി ശ്രാവണി പരാതിയിൽ പറയുന്നു.
ആന്ധ്ര പ്രദേശ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കേസലി അപ്പറാവു, അംഗം ബത്തുല പത്മാവതി എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിന്റെ മരണത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സി.ഐ മല്ലയ്യയാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16